ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അടിതെറ്റുന്നു. ധോണിപ്പട മുന്നില്‍വച്ച 319 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 4ന് 80 എന്ന നിലയില്‍. ജോ റൂട്ട് (4 നോട്ടൗട്ട്), മൊയീന്‍ അലി (4 നോട്ടൗട്ട്) എന്നിവര്‍ ക്രീസില്‍. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും (22) ഓപ്പണര്‍ സാം റോബ്‌സനും (7) ഗ്യാരി ബാലന്‍സും (27) ഇയാന്‍ ബെല്ലും (1) കരകയറി. റോബ്‌സനെ രവീന്ദ്ര ജഡേജയും ബാലന്‍സിനെ മുഹമ്മദ് ഷാമിയും ഔട്ടാക്കി. ബെല്ലിന്റെ കുറ്റി ഇഷാന്ത് ശര്‍മ്മ പിഴുതു. കുക്കിനും ഇഷാന്ത് അന്തകന്‍. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 342ല്‍ അവസാനിച്ചിരുന്നു.
4ന് 169 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ (19) സേവനം അധികം ലഭിച്ചില്ല. ലിയാം പ്ലങ്കറ്റിന്റെ പന്തില്‍ ബെല്ലിന് പിടികൊടുത്ത് ധോണി മടങ്ങി. അധികം വൈകാതെ സ്റ്റ്യുവര്‍ട്ട് ബിന്നിയെ മൊയീന്‍ അലി പൂജ്യനാക്കി. ഒരു വശത്ത് നങ്കൂരമിട്ട ഓപ്പണര്‍ മുരളി വിജയ് (95) അര്‍ഹിച്ച സെഞ്ച്വറിക്കരുകില്‍വീണു. പിന്നെ ജഡേജയും ഭുവനേശ്വര്‍ കുമാറും പുറത്തെടുത്ത ബാറ്റിംഗ് വൈഭവം ഇന്ത്യയെ താങ്ങിനിര്‍ത്തി.
പേസര്‍മാര്‍ക്കെതിരെ അല്‍പ്പം സാഹസികമായി കളിച്ച ജഡേജ 57 പന്തില്‍ 68 റണ്‍സ് വാരി. അതില്‍ 9 ഫോറുകള്‍ ഉള്‍പ്പെട്ടു.71 പന്തുനേരിട്ട് എട്ടു ബൗണ്ടറികളടക്കം 52 റണ്‍സെടുത്ത ഭുവനേശ്വറും മോശമാക്കിയില്ല. ഇരുവരെയും ബെന്‍ സ്‌റ്റോക്‌സ് തിരിച്ചയച്ചു.പ്ലങ്കറ്റും സ്റ്റോക്‌സും മൂന്നു പേരെ വീതം പവലിയനിലെത്തിച്ചു. അലി രണ്ട് വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
















