ബാഴ്‌സലോണ: ലൂയീസ് സുവാരസിനെ ഔദ്യോഗികമായി പരിചയപ്പെടുത്താന്‍ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കാവില്ല. എങ്കിലും ആരാധകര്‍ സുവാരസിനെ പരിചയപ്പെട്ടുകഴിഞ്ഞു.
ഭാര്യ സോഫിയ ബാല്‍ബിക്കൊപ്പം ശനിയാഴ്ച ബാഴ്‌സലോണ നഗരത്തില്‍ നടക്കാനിറങ്ങിയ ഉറുഗൈ്വന്‍ സ്‌ട്രൈക്കറെ ആരാധകര്‍ പൊതിഞ്ഞു. സ്ത്രീകളും കുട്ടികളുംഅടക്കമുള്ളവര്‍ തനിക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സുവാരസ് ചുണ്ടില്‍ ചിരിയൊതുക്കി നിന്നു. സ്ത്രീകളിലൊരാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ച വേളയില്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയോടെ താരം തിരക്കിട്ട് മുന്നോട്ടുനീങ്ങി. അര്‍ജന്റീനയുടെയും ബാഴ്‌സയുടെയും മുന്നണിക്കാരന്‍ ലയണല്‍ മെസിയുടെ ജഴ്‌സിയില്‍ സുവാരസിനെക്കൊണ്ട് ഒപ്പ് പതിപ്പിക്കാനും ഫാന്‍സ് മറന്നില്ല.
ഇംഗ്ലീഷ് ടീം ലിവര്‍പൂളില്‍ നിന്ന് 75 ദശലക്ഷം പൗണ്ട് നല്‍കിയാണ് സുവാരസിനെ കറ്റാലന്‍ സംഘം പാളയത്തിലെത്തിച്ചത്. പക്ഷേ, ലോകകപ്പിനിടെ ഇറ്റാലിയന്‍ ഡിഫന്റര്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിനു നാലുമാസത്തെ വിലക്കുനേരിടുന്ന സുവാരസിന് ബാഴ്‌സയുടെ ആദ്യ മത്സരങ്ങളില്‍ കളിക്കാനാവില്ല. ഒക്‌റ്റോബര്‍ അവസാനം സുവരാസ് പുതിയ ക്ലബ്ബിനുവേണ്ടി അരങ്ങേറുമെന്നു കരുതപ്പെടുന്നു.
















