ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ വഴിതെറ്റിയ കുട്ടിയായിരുന്നു പോള്‍ ഗാസ്കോയിന്‍. ലഹരിക്ക് അടിമപ്പെട്ട ആ പ്രതിഭയുടെ കരിയര്‍ കല്ലില്വീണ ചില്ലുപാത്രംപോലെ ചിതറിപ്പോയി. ഗാസ്കോയിന്റെ വഴിക്കാണോ ഇംഗ്ലണ്ടിന്റെ യുവ മിഡ്ഫീല്‍ഡര്‍ ജാക്ക് വില്‍ഷെറിന്റെ പോക്ക്. അടുത്തിടെ കുടുംബത്തോടൊപ്പം ലാസ് വെഗാസില്‍ അവധി ആഘോഷിക്കുന്നതിനിടെ സ്വിമിങ് പൂളില്‍ കിടന്ന് വില്‍ഷെര്‍ പുകവലിക്കുന്നതിന്റെ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സ്വന്തം സഹോദരന് വില്‍ഷെറിന് സിഗരറ്റ് നല്‍കിയെന്നും വാര്‍ത്തകള്‍ വന്നു. ആഴ്സനലിന്റെ താരം കൂടിയാണ് വില്‍ഷെര്‍. അതിനാല്‍ത്തന്നെ വാര്‍ത്തയും ചിത്രങ്ങളും ആഴ്സന്‍ വെംഗറെ തെല്ലൊന്നുമല്ല ആകുലപ്പെടുത്തിയത്. പക്ഷെ, കേട്ടതെല്ലാം അപ്പാടെ വിശ്വസിക്കാന്‍ ഗണ്ണേഴ്സ് കോച്ച് തയ്യാറല്ല. എന്താണ് നടന്നതെന്ന് വില്ഷെറിനോട് ചോദിക്കുമെന്ന് വെംഗര്‍ പറയുന്നു. ഒരിക്കല്‍ നൈറ്റ് ക്ലബ്ബില്‍വച്ച് പുകവലിച്ച വില്െഷറിനെ വെംഗര്‍ ശാസിക്കുകയുണ്ടായി. ഇനി ആവര്‍ത്തിക്കില്ലെന്ന് അന്നു താരം കോച്ചിന് ഉറപ്പുനല്‍കുകയും ചെയ്തു.
ഫോട്ടോകളില്‍ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് എനിക്കറിയാം. ഞാന്‍ വില്െഷറിനോട് സംസാരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് മനസിലാക്കട്ടെ. എന്നിട്ടു പൊതുജനമധ്യത്തില്‍ അഭിപ്രായം പറയാം, വെംഗര്‍ വ്യക്തമാക്കി. വില്ഷെറിനെപ്പറ്റി എനിക്കത്ര ആശങ്കയൊന്നുമില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പറയാനുമില്ല.
വില്ഷറിന് പ്രതിഭയുണ്ട്. എനിക്കയാളെ വിശ്വാസമാണ്. പരിക്കേറ്റില്ലെങ്കില്‍ ഈ പ്രീമിയര്‍ ലീഗ് സീസണ് വില്െഷറിനെ സംബന്ധിച്ച് മികച്ചതായിരിക്കുമെന്നും വെംഗര്‍ പ്രത്യാശിച്ചു.
















