ബാഗ്ദാദ്: ഇറാഖില്‍ കലാപം അഴിച്ചുവിട്ടിരിക്കുന്ന സുന്നി ഭീകരര്‍ ക്രിസ്ത്യാനികള്‍ക്ക് അന്ത്യശാസനം നല്കി. ഒന്നുകില്‍ മതംമാറി മുസ്ലീങ്ങളാകുക. അല്ലെങ്കില്‍ മതപരമായ നികുതിയൊടുക്കുക, അതുമല്ലെങ്കില്‍ മരണം വരിക്കാന്‍ ഒരുങ്ങിക്കൊള്ളുക. സുന്നി ഭീകരരുടെ നിയന്ത്രണത്തിലുള്ള മൊസൂളില്‍ ഭീകരര്‍ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം. അന്ത്യശാസനം ഇന്നലെ നിലവില്‍ വന്നു.
ഈ മാസമാദ്യം പ്രാബല്യത്തില്‍ വന്ന ഖലീഫയുടെ രാജ്യത്തില്‍ കഴിയാനാഗ്രഹിക്കുന്നവര് ധിമ്മ(കരാര്‍) പാലിക്കണം. മുസ്ലീം രാജ്യങ്ങളില്‍ ജസിയ എന്ന നികുതി വാങ്ങി അമുസ്ലീങ്ങളെ സംരക്ഷിക്കുന്ന പുരാതന നടപടിയാണിത്. ഇവിടെ കഴിയാനാഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് വാഗ്ദാനങ്ങളാണ് ഞങ്ങള്‍ നല്‍കുന്നത്. ഒന്ന് ഇസ്ലാം.‘(മതംമാറി ഇസ്ലാമാകുക)അല്ലെങ്കില്‍ ജസിയ നല്‍കുക, അതല്ലെങ്കില്‍ വാളല്ലാതെ മറ്റൊന്നുമില്ല. പ്രസ്താവനയില്‍ പറയുന്നു.
ഇറാഖിന്റെ വടക്ക് പുതുതായി രൂപം കൊണ്ട ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ തലവന്‍ ഖലീഫ അബൂബക്കര്‍ ബാഗ്ദാദിയുടെ പേരിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഇത് വ്യാഴാഴ്ച മസ്ജിദുകളില്‍ വായിച്ചു. നാട്ടിലാകെ വിതരണം ചെയ്തു. സമയപരിധി കഴിഞ്ഞാല്‍ നാം തമ്മില്‍ (ക്രിസ്ത്യാനികളുമായ) വാളിന്റെ ബന്ധം മാത്രമേയുണ്ടാകൂ. പ്രസ്താവന തുടരുന്നു.
ഏഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന സമ്പ്രദായമാണ് ജസിയ. 19ാം നൂറ്റാണ്ടില്‍ തുര്‍ക്കിലെ ഓട്ടോമാന്‍ സാമ്രാജ്യം വന്നതോടെയാണ് ഈ പരിപാടി വിലക്കിയത്.
ഇറാഖില്‍ ക്രിസ്ത്യാനികള്‍ ധാരാളമുള്ള പ്രദേശമായിരുന്നു മൊസൂള്‍. ഒരു വ്യാഴവട്ടം മുന്‍പ് മൊസൂളില്‍ മാത്രം ഒരു ലക്ഷത്തിലേറെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. 2003ല്‍ സദ്ദാമിനെ അട്ടിമറിക്കാന്‍ അമേരിക്ക യുദ്ധമാരംഭിച്ചതോടെയാണ് ഇവിടുത്തെ ക്രിസ്ത്യാനികളുടെ കഷ്ടകാലം തുടങ്ങിയത്. അതോടെ വിവിധ മുസ്ലീം വിഭാഗങ്ങള്‍ ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ തുടങ്ങി.
ഇവര്‍ പലായനവും തുടങ്ങി. ഇപ്പോള്‍ ഇവിടെയുള്ള ക്രിസ്ത്യാനികളുടെ എണ്ണം വളരെക്കുറവാണ്. മൊസൂള്‍ നഗരത്തില്‍ അയ്യായിരം പേര് മാത്രമാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: