ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സില്‍ 24 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിവസം ചായ സമയത്തിന് കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുത്തിട്ടുണ്ട്. 9 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ 60 റണ്‍സിന് മുന്നിലാണ്. 25 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 21 റണ്‍സുമായി മുരളി വിജയുമാണ് ക്രീസില്‍. 82 റണ്‍സ് വിട്ടുകൊടുത്ത് ആറ് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാറാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. എട്ടാം ടെസ്റ്റ് കളിക്കുന്ന ഭുവനേശ്വറിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 295, ഇംഗ്ലണ്ട് 319.
219ന് ആറ് എന്ന നിലയില്‍ മൂന്നാം ദിവസമായഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 100 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് കളി അവസാനിപ്പിച്ചത്. 55 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പ്ലന്കറ്റും 23 റണ്‍സ് നേടിയ മാറ്റ് പ്രയറും 19 റണ്‍സെടുത്ത ജെയിംസ് ആന്‍ഡേഴ്സണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്. തലേന്നത്തെ സ്കോറിനോട് 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഏഴാഡം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. സ്കോര്‍ 265-ല്‍ എത്തിയപ്പോള്‍ 23 റണ്‍സെടുത്ത പ്രയറെ മുഹമ്മദ് ഷാമി ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ സ്റ്റോക്ക്സും (0), ബ്രോഡും (4) പെട്ടെന്ന് മടങ്ങി. സ്കോര്‍ 276-ല്‍ എത്തിയപ്പോള്‍ സ്റ്റോക്ക്സിനെ ഭുവനേശ്വര്‍ ബൗള്‍ഡാക്കി. സ്കോര്‍ 280-ല്‍ നില്‍ക്കേ ബ്രോഡിനെ ഭുവനേശ്വര്‍ ധവാന്റെ കൈകളിലെത്തിച്ചു. എന്നാല്‍ പത്താം വിക്കറ്റില്‍ പ്ലന്കറ്റും ആന്‍ഡേഴ്സണും ചേര്‍ന്ന് നേടിയ 39 റണ്‍സ് ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. ഒടുവില്‍ സ്കോര്‍ 319-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ജെയിംസ് ആന്‍ഡേഴ്സനെ രവീന്ദ്ര ജഡജേ രഹാനെയുടെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീണു. ഭുവനേശ്വര്‍ കുമാറിന് പുറമെ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
24 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. സ്കോര്‍ 40-ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. 31 റണ്‍സെടുത്ത ശിഖര്‍ ധവാനെ സ്റ്റോക്ക്സ് ജോ റൂട്ടിന്റെ കൈകളിലെത്തിച്ചതോടെയാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് മുരളി വിജയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.
















