ലണ്ടന്‍: അത്‌ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധനിരയിലെ കരുത്തന്‍ ഫിലിപ്പെ ലൂയിസിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സി സ്വന്തമാക്കി. മൂന്നുവര്‍ഷത്തെ കരാറില്‍ 163 കോടി രൂപക്കാണ് ഈ ബ്രസീലിയന്‍ താരത്തെ ചെല്‍സി സ്വന്തം നിരയിലെത്തിച്ചത്. അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ചെല്‍സി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ലൂയിസ്.
ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നേരത്തെ കഴിഞ്ഞ സീസണില്‍ അത്‌ലറ്റികോ മാഡ്രിഡിനെ ലാ ലിഗ കിരീടത്തിലേക്ക് നയിച്ച സൂപ്പര്‍താരം ഡീഗോ കോസ്റ്റയെ മൗറീഞ്ഞോ 32 മില്ല്യണ്‍ പൗണ്ട് മുടക്കി സ്വന്തം പാളയത്തിലെത്തിച്ചിരുന്നു.
ഇരുവരെയും കൂടാതെ ബാഴ്‌സതാരവും സ്പാനിഷ് പ്ലേ മേക്കറുമായ സെസ് ഫാബ്രഗസിനെയും ചെല്‍സി നേടിയിരുന്നു. നേരത്തെ ബ്രസീലിന്‍ പ്രതിരോധനിര താരം ഡേവിഡ് ലൂയിസ് ചെല്‍സിയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ ഒഴിവിലേക്കാണ് മറ്റൊരു ബ്രസീലിയന്‍ താരമായ ഫിലിപ്പെ ലൂയിസിനെ കോച്ച് മൗറീഞ്ഞോ സ്വന്തം നിരയിലെത്തിച്ചത്.
അതേസമയം സമയം ഡേവിഡ് ലൂയിസിന് പുറമെ ഡെംപ ബായെ 4.7 മില്ല്യണ്‍ പൗണ്ടിന് തുര്‍ക്കി ക്ലബ് ബസ്‌കിറ്റാസിനും ചെല്‍സി കൈമാറിയിരുന്നു. ഇറ്റാലിയന്‍ താരം ഫാബിയോ ബൊറീനിയെ ലിവര്‍പൂളില്‍ നിന്ന് സണ്ടര്‍ലാന്റ് സ്വന്തമാക്കി. 14 മില്ല്യന്‍ പൗണ്ടിനാണ് താരത്തെ സണ്ടര്‍ലാന്റ് നേടിയെടുത്തത്. ലിവര്‍പൂള്‍ താരമായ ബൊറീനി 2013-14 സീസണില്‍ സണ്ടര്‍ലാന്റിനായി വായ്‌പാടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു.
















