ന്യൂദല്‍ഹി: ഉക്രൈനില്‍ മിസൈലാക്രമണത്തില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച എയര്‍ഫോഴ്സ് വണ്‍ വിമാനം പറക്കേണ്ടതായിരുന്നെന്ന അഭ്യൂഹങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അപകടസമയത്ത് എയര്‍ ഇന്ത്യയുടെ വിമാനങ്ങളൊന്നും ഈപ്രദേശത്തുകൂടി കടന്നുപോകാനുണ്ടായിരുന്നില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഭവത്തേപ്പറ്റി ഊഹാപോഹങ്ങളാണ് പ്രചരിച്ചതെന്നും പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ-1 വിമാനത്തിന് ഭീഷണികളൊന്നുമില്ലായിരുന്നെന്നും കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതിറാവു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
റഷ്യന്‍ അതിര്‍ത്തിയില്‍ വെച്ച് വ്യാഴാഴ്ച രാത്രി മിസൈലാക്രമണത്തില്‍ തകര്‍ന്നുവീണ എംഎച്ച്17 ബോയിംഗ് 777 വിമാനം സഞ്ചരിച്ച അതേ പാതയിലൂടെ ഒരു മണിക്കൂറിന് ശേഷം കടന്നുപോകേണ്ടത് ബ്രസീലില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എയര്‍ഫോഴ്സ് വണ്‍ വിമാനമായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ദല്‍ഹിയിലേക്കുള്ള മോദിയുടെ വിമാനം പറന്നുയര്‍ന്ന ശേഷമായിരുന്നു മലേഷ്യന്‍ വിമാനത്തിന്റെ അപകടവിവരം അറിഞ്ഞതെന്നും തുടര്‍ന്ന് പൈലറ്റ് വിമാനത്തിന്റെ ഗതിമാറ്റി ചാവുകടലിനു മുകളിലൂടെ ഇന്ത്യയിലെത്തിച്ചെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലത്തിനു മുകളിലൂടെ ആയിരുന്നില്ല പ്രധാനമന്ത്രിക്ക് സഞ്ചരിക്കേണ്ടിയിരുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. ഒരു രാജ്യത്തിന്റെ പരിധിയില്‍ കയറുമ്പോള്‍ വ്യോമയാന നിയമം അനുസരിച്ച് വിമാനത്തിന്റെ വിവരങ്ങള്‍ ആ രാജ്യത്തെ അറിയിക്കണമെന്നാണ് ചട്ടം.
അതനുസരിച്ചാണ് ഇന്ത്യയിലേക്കുള്ള വ്യോമയാന പാതയിലുള്ള രാജ്യങ്ങള്‍ക്ക് എയര്‍ഫോഴ്സ് വണ്ണിന്റെ സന്ദേശം നല്‍കിയത്. എന്നാല്‍ മലേഷ്യന്‍ വിമാനം മിസൈലാക്രമണത്തില്‍ തകര്‍ന്ന ടോറസിന് മുകളിലൂടെ ആയിരുന്നില്ല എയര്‍ഫോഴ്സ് വണ്ണിന്റെ വ്യോമപാത, കേന്ദ്രവ്യോമയാനമന്ത്രി വിശദീകരിച്ചു. തകര്‍ന്ന മലേഷ്യന്‍ വിമാനത്തില്‍ ഇന്ത്യാക്കാര്‍ ആരും ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: