സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിംഗില്‍ ജര്‍മ്മനി ഒന്നാമതെത്തി. കഴിഞ്ഞ ദിവസം ബ്രസീലില്‍ സമാപിച്ച ലോകകപ്പില്‍ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് ജര്‍മ്മന്‍ ടീം ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയത്. 20 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ജര്‍മ്മനി ഒന്നാം റാങ്കിലെത്തുന്നത്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ജര്‍മ്മനി സ്‌പെയിനിനെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. അതേസമയം സ്‌പെയിന്‍ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് മുന്‍ ചാമ്പ്യന്മാര്‍ ഏഴ് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട് എട്ടാം സ്ഥാനത്തേക്ക് പതിച്ചു. ഫൈനലില്‍ ജര്‍മ്മനിയോട് പരാജയപ്പെട്ട അര്‍ജന്റീന മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി രണ്ടാമതെത്തി.
ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഹോളണ്ടാണ് മൂന്നാമത്. 12 സ്ഥാനങ്ങളാണ് ഡച്ച് പട മുന്നേറിയത്. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ നാല് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട് ഏഴാമതായി. ഇക്കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ കൊളംബിയ നാല് സ്ഥാനങ്ങള്‍ മുന്നേറി നാലാമതെത്തി. ആറ് സ്ഥാനങ്ങള്‍ മുന്നേറിയ ബെല്‍ജിയം അഞ്ചാമതും ഏഴ് സ്ഥാനങ്ങള്‍ കയറി ഫ്രാന്‍സ് പത്താം സ്ഥാനത്തുമെത്തി. മൂന്ന് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട സ്വിറ്റ്‌സര്‍ലന്റാണ് ഒമ്പതാമത്. നേരത്തെ നാലാം സ്ഥാനത്തായിരുന്ന പോര്‍ച്ചുഗല്‍ ഏഴ് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട് 11-ാമതായി.
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം 1996 മെയ് മാസത്തിനുശേഷം തങ്ങളുടെ ഏറ്റവും മോശം റാങ്കിംഗിലേക്ക് പിന്തള്ളപ്പെട്ടു. നിലവില്‍ 20-ാം സ്ഥാനത്താണ് ഇംഗ്ലണ്ട്. അതേസമയം ലോകകപ്പിലെ കറുത്ത കുതിരകളായ കോസ്റ്ററിക്ക 12 സ്ഥാനങ്ങള്‍ മുന്നേറി 16-ാമതതെത്തി.
ആദ്യ 25 സ്ഥാനങ്ങളില്‍ ഒരു ഏഷ്യന്‍ രാജ്യവും ഇടംപിടിച്ചിട്ടില്ല. 45-ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യന്‍ ടീമുകളില്‍ മികച്ചു നില്‍ക്കുന്നത്. ലോക റാങ്കിംഗില്‍ ഇന്ത്യ മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി 151-ാം സ്ഥാനത്തും ഏഷ്യന്‍ രാജ്യങ്ങളില്‍ 27-ാം സ്ഥാനത്തുമാണ്.
















