ഗാസ സിറ്റി : വ്യാഴാഴ്ച്ച രാവിലെ മുതല്‍ അഞ്ച് മണിക്കൂര്‍ സമയത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശത്തെ അംഗീകരിച്ചതായി ഗാസയിലെ പോരാട്ട ഗ്രൂപ്പുകള്‍ അംഗീകരിച്ചു. ഇസ്രയേലും നിര്‍ദേശത്തെ അംഗീകരിച്ചതായി അറിയിച്ചു. മാനുഷിക ആവശ്യങ്ങള്‍ പരിഗണിച്ച് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെച്ച അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ അംഗീകരിച്ചതായി ഹമാസ് വക്താവ് സാമി അബൂ സുഹ്രി പറഞ്ഞു. രാവിലെ പത്ത് മുതല്‍ വൈകിയിട്ട് മൂന്ന് വരെയാണ് വെടിനിര്‍ത്തല്‍.
മിഡിലീസ്റ്റിലെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന റോബര്‍ട്ട് സെറിയുടെ നിര്‍ദേശത്തെ അംഗീകരിച്ച് വ്യാഴാഴ്ച്ച പത്ത് മണി മുതല്‍ വൈകിയിട്ട് മൂന്ന് വരെ ഗാസയ്ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. പത്ത് ദിവസം മുമ്പ് ഇസ്രയേല്‍ ആരംഭിച്ച ഗാസയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ 220 പേര് കൊല്ലപ്പെടുകയും 1600ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സിവിലിയന്മാരാണ്.
അഭയാര്‍ഥികളായവര്‍ക്ക് സഹായം എത്തിക്കാന്‍ ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ക്ക് സാധ്യമാകുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിനുമാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ അംഗീകരിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് അല്‍ജസീറ ലേഖകന്‍ ഇല്യാസ് കിറാം പറയുന്നു.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഭീഷണിപ്പെടുത്തി കുടിയിറക്കിയ ബൈത് ലാഹിയയിലെയും സൈത്തൂനിലെയും ശുജാഇയയിലെയും ആളുകള്‍ക്ക് ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കൊണ്ട് വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറയുന്നു. ഇസ്രയേലിനും ഹമാസിനും ഇടയില്‍ പൂര്‍ണമായ രൂപത്തിലുള്ള ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയെടുക്കാനുള്ള അറബ്, അന്താരാഷ്ട്ര ശ്രമങ്ങളെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സഹായിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: