ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തുനിന്നും ഒരു ലക്ഷം കോടി രൂപയ്ക്ക് മേല്‍ കള്ളപ്പണം കണ്ടെത്തിയതായി നികുതിവകുപ്പ്. മുന്‍വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി തുക നികുതിവെട്ടിപ്പുകാരില്‍ നിന്നും കണ്ടെത്തി. 1,01,181 കോടി രൂപയാണ് 2013-14 സാമ്പത്തികവര്‍ഷം ബിസിനസുകാരില്‍ നിന്നുള്‍പ്പെടെ കണ്ടെത്തിയത്.
വരുമാനനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമായി 10,791.63 കോടിരൂപ പിടിച്ചെടുത്തപ്പോള്‍ സമാന്തരമായി നടത്തിയ സര്‍വ്വേയില്‍ 90,390.71 കോടിരൂപ വിവിധ വ്യക്തികള്‍ ഒളിപ്പിച്ചുവെച്ചതായും കണ്ടെത്തി.
വ്യാപാരസ്ഥാപനങ്ങള്‍, വിവിധ വ്യക്തികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയാണ് നികുതി അടയ്ക്കാതെ ഒഴിഞ്ഞുമാറിയ പട്ടികയിലുള്ളത്. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നികുതി വകുപ്പിന്റെ ഓപ്പറേഷനുകളും റെയ്ഡുകളും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും നടത്തിയിട്ടുണ്ട്. 201213 സാമ്പത്തിക വര്‍ഷം നടത്തിയ റെയ്ഡുകളിലൂടെ കണ്ടെത്താനായത് 29,628 കോടി രൂപയാണ്.
കണക്കില്‍പ്പെടുത്താതെ നികുതിവെട്ടിക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞവര്‍ഷം ആഭരണങ്ങള്‍, സ്ഥിരനിക്ഷേപങ്ങള്‍, രൂപ എന്നിങ്ങനെയായി 807.84 കോടി രൂപയുടെ ആസ്തി നികുതി വകുപ്പ് കണ്ടെത്തി. നികുതി അടയ്ക്കാതെ തട്ടിപ്പു നടത്തിയതിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ 4503 വാറണ്ടുകളും 569 റെയിഡുകളും രാജ്യത്തു നടത്തുകയും ചെയ്തു. 2012-13 സാമ്പത്തികവര്‍ഷം 3889 റെയ്ഡുകള്‍ മാത്രമാണ് നടത്തിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായി കൂടുതല്‍ റെയ്ഡുകളും നടപടികളുമായി നികുതി വകുപ്പ് മുന്നോട്ടുപോകുകയാണ്. രാജ്യത്തിനകത്ത് വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണ നിക്ഷേപം കണ്ടെത്തുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: