റിയോ ഡി ജനീറോ: ലോകകപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം കൊളംബിയയുടെ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ് സ്വന്തമാക്കി. രാജ്യത്തിനായി ആദ്യ ലോകകപ്പ് കളിക്കാനിറങ്ങിയ റോഡ്രിഗസ് അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയാണ് ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം സ്വന്തമാക്കിയത്.
റഡമെല്‍ ഫാല്‍ക്കാവോയില്ലാതെ ബ്രസീലിലെത്തിയ കൊളംബിയക്ക് ജീവനും ആത്മാവുമായിരുന്നു ജെയിംസ് ഡേവിഡ് റോഡിഗ്രസ്സ് റൂബിയോ എന്ന ജെയിംസ് റോഡിഗ്രസ്സ്. ഫ്രഞ്ച് ക്ലബ് എഎസ് മൊണോക്കോയുടെ തുറുപ്പു ചീട്ട്. കൊളംബിയ പ്രതീക്ഷയര്‍പ്പിച്ച ഫാല്‍ക്കാവോ പരിക്കേറ്റ് പുറത്തായതോടെയാണ് ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയെന്ന ദൗത്യം ഈ ഇരുപത്തിമൂന്നുകാരനെ തേടിയെത്തുന്നത്. ഈ ദൗത്യം കൃത്യമായി നടപ്പിലാക്കിയ റോഡ്രിഗസ് തന്നെയാണ് ചരിത്രത്തിലാദ്യമായി കൊളംബിയയെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിച്ചതും.
കന്നി ലോകകപ്പില്‍ തന്നെ കസറിയ റോഡിഗസ്സ് ബ്രസീലില്‍ പ്രതിഭയുടെ സ്പര്‍ശനം പതിപ്പിച്ചാണ് മടങ്ങിയതും. നിര്‍ണായക മത്സരങ്ങളില്‍ തിളങ്ങിയ താരത്തിന്റെ പ്രകടനം കൊളംബിയക്ക് കുതിപ്പു നല്‍കി. പ്രീക്വാര്‍ട്ടറിലെ നിര്‍ണായക മത്സരത്തില്‍ ഉറുഗ്വെക്കെതിരെ രണ്ട് ഗോളാണ് റോഡിഗ്രസസ് അടിച്ചു കൂട്ടിയത്. ഇതില്‍ ആദ്യഗോള്‍ ഈ ലോകകപ്പില്‍ പിറന്ന ഏറ്റവും മനോഹരമായ ഗോളുകളിലൊന്നുമാണ്. ആറ് ഗോളുകള്‍ക്ക് പുറമെ രണ്ട് ഗോളുകള്‍ക്ക് റോഡ്രിഗസ് അവസരമൊരുക്കുകയും ചെയ്തു. കളിച്ച അഞ്ച് മത്സരങ്ങളിലും എതിരാളികളുടെ വല ചലിപ്പിച്ച റോഡ്രിഗസ് കന്നിലോകകപ്പില്‍ തന്നെ സുവര്‍ണപാദുകം നേടുക എന്ന നേട്ടമാണ് സ്വന്തമാക്കിയത്.
ബ്രസീല്‍ ലോകകപ്പില്‍ ലയണല്‍ മെസ്സി, നെയ്‌മര്‍, മുള്ളര്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയ ലോകോത്തര താരങ്ങളെ പിന്തള്ളിയാണ് റോഡ്രിഗസ് ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം സ്വന്തമാക്കിയത്. ജര്‍മ്മനിയുടെ തോമസ് മുള്ളര്‍ അഞ്ച് ഗോളുകള്‍ നേടി വെള്ളി പാദുകവും ബ്രസീലിന്റെ നെയ്‌മര്‍ നാല് ഗോളുകള്‍ നേടി വെങ്കല പാദുകവും സ്വന്തമാക്കി.
മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ കൗമാരതാരം പോള്‍ പോഗ്ബക്കാണ്. ഈ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ ഫ്രാന്‍സിന്റെ കുതിപ്പിന് റിബറിക്കൊപ്പം ചുക്കാന്‍ പിടിച്ചത് പോഗ്ബയായിരുന്നു. മധ്യനിരയില്‍ കളിച്ച പോഗ്ബ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി. ഒരു ഗോള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത പോഗ്ബ പ്രതിരോധത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. ഫെയര്‍ പ്ലേ അവാര്‍ഡ് കൊളംബിയക്കാണ്.
















