ബ്രിസ്‌ബെയ്ന്‍: ഇന്ത്യ എ ടീമിനെതിരായ രണ്ടാം ചതുര്‍ദ്ദിന ടെസ്റ്റില്‍ ഓസ്‌ട്രേലിയ എ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റ് നഷ്ടത്തില 288 റണ്‍സെടുത്തിട്ടുണ്ട്. 23 റണ്‍സോടെ ബെന്‍ കട്ടിംഗും രണ്ട് റണ്‍സുമായി കാമറൂണ്‍ ബോയ്‌സെയുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം നല്‍കാന്‍ മുന്‍നിര താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഒരുഘട്ടത്തില്‍ 64 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിട്ട ഓസ്‌ട്രേലിയന്‍ എ ടീമിനെ 77 റണ്‍സെടുത്ത പീറ്റര്‍ ഫോറസ്റ്റും 94 റണ്‍സെടുത്ത ഫോക്‌നറും ചേര്‍ന്നാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 133 റണ്‍സാണ് നേടിയത്. സ്‌കോര്‍ 197-ല്‍ നില്‍ക്കേ ഫോറസ്റ്റും 248-ല്‍ നില്‍ക്കേ ഫോക്‌നറും പുറത്തായതോടെ ഓസ്‌ട്രേലിയ വീണ്ടും തകര്‍ച്ച നേരിട്ടു. നാല് വിക്കറ്റ് വീഴ്‌ത്തിയ അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയത്.
















