ന്യൂദല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ കന്നി ബജറ്റ് ഒരു തുടക്കംമാത്രമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ബജറ്റ് ജനപ്രിയമാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തെന്നും പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനം നിര്‍ണായക ചുവടാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. ബജറ്റ് സംബന്ധിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ യാത്രയുടെ തുടക്കം മാത്രമാണിത്. അവസാനമല്ല. തീരുമാനങ്ങളെല്ലാം ഒറ്റ ദിവസംകൊണ്ടെടുത്തതല്ല. ബജറ്റ് സാധാരണക്കാരന്റേതാക്കാന് ചെയ്യാവുന്നതെല്ലാം ചെയ്തു, ജെയ്റ്റ്ലി പറഞ്ഞു. കഴിഞ്ഞ പത്തു വര്ഷമായുണ്ടാവാത്ത സുപ്രധാന തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രതിരോധം, നികുതി തുടങ്ങി എല്ലാ വിഷയങ്ങളും പരമപ്രധാനം തന്നെ. 45 ദിവസംകൊണ്ട് അവ ഓരോന്നായി പരിശോധിക്കുകയും പഠിക്കുകയും ചെയ്തു. എന്നിട്ടാണ് ഉത്പാദന മേഖലയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ചില മേഖലകള്‍ക്ക് ഇളവുകള്‍ നല്കേണ്ടിന്റെ അനിവാര്യത മനസിലാക്കി. സാധാരണക്കാര്‍ എത്രകാലം ഭാരം ചുമക്കും. അതിനാല്‍ വ്യക്തി നികുതികളെ യുക്തിഭദ്രമാക്കാനും ശ്രമിച്ചു.
പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപം കൂട്ടിയതിലൂടെ തദ്ദേശിയമായ സൈനിക വ്യവസായ മേഖല കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന സുപ്രധാന ചുവടുവയ്ക്കാന്‍ കഴിഞ്ഞു. 49 ശതമാനത്തിലേറെ വിദേശ നിക്ഷേപം അനുവദിച്ചിരുന്നെങ്കില്‍ അത് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിതെളിച്ചേനെയെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: