രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിന് ഹരിതശോഭ നല്കി. കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ, പലിശയിളവുകള്‍, കര്ഷകന് സോയില്‍ കാര്‍ഡ്, കാര്‍ഷിക യൂണിവേഴ്സിറ്റികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്സിറ്റികള്‍.. അങ്ങനെ പോകുന്നു കര്‍ഷകനെ താങ്ങിനിര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍. നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ രണ്ടാം ഹരിത വിപ്ലവം സൃഷ്ടിക്കുമെന്നും ബജറ്റില്‍ അടിവരയിട്ടുപറയുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന ദൃഢപ്രതിജ്ഞയുമുണ്ട്.
കര്‍ഷകര്‍ക്ക് യഥേഷ്ടം വായ്പകള്‍ ഉറപ്പുവരുത്തുക തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന ദൗത്യം. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ എട്ടുലക്ഷം കോടിരൂപയുടെ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കുമെന്ന് ബജറ്റില്‍ ഊന്നിപ്പറയുന്നു. വായ്പാ ഇളവുകളും വിഭാവനം ചെയ്തിട്ടുണ്ട്. ഏഴുശതമാനം പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ശതമാനം പലിശയിളവ്. കൃഷിക്കാര്‍ക്ക് ദീര്‍ഘകാല വായ്പ നല്കാന് നബാര്‍ഡില്‍ 5,000 കോടിയുടെ പ്രത്യേക ഫണ്ടും പ്രദാനം ചെയ്യും. കൃഷി മെച്ചമാക്കാന്‍ ‘പ്രധാനമന്ത്രി സിഞ്ചായി പദ്ധതിയോജന’യ്ക്ക് ആയിരം കോടി വകയിരുത്തിട്ടുണ്ട്. കൃഷിക്ക്, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകളും പമ്പിങ് സ്റ്റേഷനുകളും ഒരുക്കും. ഇതിന് 400 കോടി മാറ്റിവച്ചു.
ഭൂരഹിതരായ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള ‘ഭൂമി ഹീന്‍ കിസാന്‍’ പദ്ധതി പ്രകാരം അഞ്ച് ലക്ഷംപേര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഇതിനുള്ള തുകയും നബാര്‍ഡ് വഴിയാകും ഉറപ്പുവരുത്തുക. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പുനഃസംഘടിപ്പിക്കും. കയറ്റിറക്ക്, വിതരണനഷ്ടം ഒഴിവാക്കാനും നടപടി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അരിയും ഗോതമ്പും കുറഞ്ഞവിലയ്ക്ക് നല്‍കും. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കാര്‍ഷികരംഗത്തിന് കുതിപ്പുപകരാനും വില സ്ഥിരതാ ഫണ്ട് രൂപീകരിക്കും അതിലേക്കായി 500 കോടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു.
മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ച തടയാനും കൃഷി മെച്ചപ്പെടുത്താനും രാജ്യത്തൊട്ടാകെ 100 മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നതും സുപ്രധാന തീരുമാനങ്ങളില്‍പ്പെടുന്നു. ഇതിന് 56 കോടി മാറ്റിവച്ചു. എല്ലാകര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡുകള്‍ നല്‍കും. നൂറുകോടി രൂപ സോയില്‍ കാര്‍ഡുകള്‍ക്ക് ബജറ്റില്‍ വകയിരുത്തി. മണ്ണിന്റെ ഗുണനിലവാരത്തിന് അനുസൃതമായി വളംഉപയോഗത്തിനും കൃഷി രീതികളുടെ പരീക്ഷണത്തിനും സോയില്‍ കാര്‍ഡുകള്‍ കര്‍ഷകനെ സഹായിക്കും.
കാലാവസ്ഥാമാറ്റം കൃഷിയില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആയിരം കോടിയുടെ നാഷണല്‍ അഡാപ്റ്റേഷന് ഫണ്ട് ഫോര്‍ ക്ലൈമാറ്റിക് ചെയ്ഞ്ച് ആവിഷ്കരിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ദേശീയ തലത്തില്‍ വിപണിയുണ്ടാക്കും.
പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും സ്ഥാപിക്കും. അതുവഴി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിന് അവസരമൊരുക്കും. തദ്ദേശീയമായ സങ്കരയിനം കന്നുകാലികളുടെ ഉത്പാദനത്തിന് 50 കോടി വിനിയോഗിക്കും. തുല്യമായ തുക മത്സ്യബന്ധ മേഖലയ്ക്കായും ചെലവിടും. കാര്‍ഷിക വികസനത്തിന് ആസാമിലും ഝാര്‍ഖണ്ഡിലുമായി രണ്ട് അഗ്രികള്‍ക്കച്ചറല്‍ യൂണിവേഴ്സിറ്റികളും ആന്ധ്രയിലും രാജസ്ഥാനിലുമായി രണ്ട് ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റികളും സ്ഥാപിക്കും. പ്രോട്ടീന്‍ റവല്യൂഷന് അടക്കമുള്ളവയിലൂടെ ഉത്പാദനരംഗത്തെ അഭിവൃദ്ധിയിലെത്തിക്കും.
കാര്‍ഷികമേഖലയില്‍ നാലുശതമാനം വളര്‍ച്ച ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: