ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ലോക രണ്ടാം നമ്പറും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിന്. എട്ടാം കിരീടം ലക്ഷ്യമിട്ട് ഫൈനലില്‍ കളിക്കാനിറങ്ങിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെയാണ് ഡോക്കോവിച്ച് കീഴടക്കിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഡോക്കോവിച്ചിന്റെ വിജയം. സ്കോര്‍: 6-7 (7-9), 6-4, 7-6 (7-4), 5-7, 6-4 എന്ന സ്കോറിനായിരുന്നു ഡോക്കോവിച്ചിന്റെ വിജയം. നാല് മണിക്കൂറോളം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ഡോക്കോവിച്ച് വിജയം സ്വന്തമാക്കിയത്.
ആദ്യ സെറ്റ് ഫെഡറര്‍ നേടിയെങ്കിലും രണ്ടും മൂന്നും സെറ്റ് നേടി ഡോക്കോവിച്ച് തിരിച്ചടിച്ചു. നാലാം സെറ്റിന്റെ ഒരു ഘട്ടത്തില്‍ 5-2ന് ഡോക്കോവിച്ച് ലീഡ് ചെയ്തെങ്കിലും എതിരാളിയെ ബ്രേക്ക് ചെയ്ത് തിരിച്ചുവരവ് നടത്തിയ ഫെഡറര്‍ 7-5ന് സെറ്റ് സ്വന്തമാക്കി ഒപ്പമെത്തി. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ തളര്‍ന്നുപോയ ഫെഡററെ അനായാസം കീഴടക്കിയതോടെ ഡോക്കോവിച്ച് കിരീടം സ്വന്തമാക്കി.
കരിയറിലെ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണ് ഡോക്കോവിച്ച് സ്വന്തമാക്കിയത്. 2011-ല്‍ കിരീടം ചൂടിയ ഡോക്കോവിച്ച് കഴിഞ്ഞ വര്‍ഷം ബ്രിട്ടന്റെ ആന്‍ഡി മുറെയോട് ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. അതേസമയം ഫൈനലില്‍ വിജയിച്ചിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം നേടുന്ന താരമെന്ന ബഹുമതി ഫെഡറര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. നിലവിലെ 7 കിരീടം നേടിയ ഫെഡറര്‍ അമേരിക്കയുടെ പീറ്റ് സാംപ്രസിനൊപ്പമാണ്.
















