സാല്‍വദോര്‍: തുടര്‍ച്ചയായ രണ്ടാം സെമിഫൈനല്‍ ലക്ഷ്യമിട്ട് ഹോളണ്ട് പോരാളികള്‍ ഇന്ന് ഇറങ്ങുന്നു. എതിരാളികള്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കോസ്റ്ററിക്ക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് തീ പാറും പോരാട്ടത്തിന് കിക്കോഫ്.
പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹോളണ്ട് അവസാന എട്ടില്‍ പ്രവേശിച്ചതെങ്കില്‍ കരുത്തരായ ഗ്രീസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കോസ്റ്ററിക്ക ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.
അനായാസ ജയം പ്രതീക്ഷിച്ചാണ് ഹോളണ്ട് ഇന്ന് ഇറങ്ങുന്നത്. ആര്യന് റോബന്റെയും ക്യാപ്റ്റന്‍ റോബിന് വാന്പെഴ്സിയുടെയും സാന്നിധ്യമാണ് ഈ ആത്മവിശ്വാസത്തിന് കാരണം. ഹോളണ്ടിന്റെ കഴിഞ്ഞ മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയ താരങ്ങളാണ് ഇരുവരും. അസാധ്യമായ ആംഗിളില്‍ നിന്നുപോലും ഗോള്‍ നേടാന്‍ കഴിവുള്ളവരാണ് ഇരുവരും. പന്തുമായി കുതിച്ചുകയറുന്ന ഇവര്‍ക്കൊപ്പം ഓടിയെത്തുക എന്നതും എതിരാളികള്‍ക്ക് പ്രധാന വെല്ലുവിളിയാണ്. വെസ്ലി സ്നൈഡര്‍ എന്ന മിഡ്ഫീല്‍ഡറും പകരക്കാരനായി ഇറങ്ങുന്ന ഹണ്ട്ലറും ചേരുമ്പോള്‍ ഡച്ച് പടയുടെ കരുത്ത് പറഞ്ഞറിയിക്കാന്‍ പറ്റില്ല.
ഗോള്‍വലയം കാക്കാന്‍ യാസ്പര്‍ ചീല്സ്മാനും പ്രതിരോധത്തില്‍ വാലറും ഡി വ്രിജും മാര്‍ട്ടിന്‍സ് ഇന്‍ഡിയും ഡാരില്‍ യാന്മാറ്റും മധ്യനിരയില്‍ കളിമെനയാന്‍ വെസ്ലി സ്നൈഡറും ബ്ലിന്‍ഡും ഗുസ്മാനും മെംഫിസ് ഡീപെ ഇറങ്ങുന്നതോടെ കോസ്റ്ററിക്കക്ക് കനത്ത പ്രതിരോധം തീര്‍ക്കേണ്ടിവരും.
എന്നാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ പൊരുതാനുറച്ചാണ് കോസ്റ്ററിക്ക ഇറങ്ങുന്നത്. ഹോളണ്ടിന്റെ താരപ്പെരുമയെ തെല്ലും വകവെക്കാതെ പോരാടാനിറങ്ങിയാല്‍ ഉറുഗ്വെയെയും ഇറ്റലിയും ഗ്രൂപ്പ് പോരാട്ടങ്ങളിലും പ്രീ ക്വാര്‍ട്ടറില്‍ ഗ്രീസിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലും അട്ടിമറിച്ച കോസ്റ്ററിക്ക ഹോളണ്ടിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ ഈ മത്സരത്തില്‍ അവരുടെ വിജയശില്പിയായ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ കെയ്ലര് നവാസ് പരിക്കിന്റെ പിടിയിലാണെന്നതാണ് അവരെ കുഴക്കുന്നത്. എന്നാല്‍ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ നവാസ് കളിക്കാനിറങ്ങിയാല് കരുത്തുറ്റ ഡച്ച് പട വിയര്‍ക്കുമെന്ന് ഉറപ്പ്.
ക്യാപ്റ്റന്‍ ബ്രയാന്‍ റൂസ്, ജോയല്‍ കാംപെല്‍ എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്ക് പുറമെ ഓസ്കര് ഡുറേറ്റ, മാര്‍ക്കോ യുരേന എന്നിവരും ഉള്‍പ്പെടുമ്പോള്‍ ഡച്ച് പ്രതിരോധത്തിന് പണിയേറും. അപ്രതീക്ഷിതവും വേഗതയേറിയതുമായ പ്രത്യാക്രമണങ്ങളാണ് കോസ്റ്ററിക്കയുടെ കരുത്ത്. കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കലും ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന തിരിച്ചറിവില്‍ ആഞ്ഞടിച്ചതോടെയാണ് ഇറ്റലിയും ഉറുഗ്വെയും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗ്രീസും അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്.
എന്നാല്‍ വമ്പന്മാര്ക്കെതിരെ പ്രതിരോധക്കോട്ട കെട്ടി ഉയര്‍ത്തുമ്പോഴും മിന്നല്‍ പ്രത്യാക്രമണത്തിലൂടെയാണ് കോസ്റ്ററിക്ക ഉറുഗ്വെയെയും ഇറ്റലിയെയും കീഴടക്കിയത്. ഇന്ന് ഹോളണ്ടിനെതിരെയും ഇതുതന്നെയായിരിക്കും അവരുടെ തന്ത്രം. ഇന്നും കാംപെല്‍ തന്നെയായിരിക്കും ഗ്രീസിനെതിരെ ആക്രണമത്തിന് നേതൃത്വം കൊടുക്കുക. കാംപെല്ലിനെ ഗ്രീസ് പ്രതിരോധം പൂട്ടിയിട്ടാലും ക്യാപ്റ്റന്‍ ബ്രയാന്‍ റൂസും ഡുറേനയും യൂരേനയും കഴിഞ്ഞ മത്സരങ്ങളിലെ പോലെ ആ ദൗത്യം ഏറ്റെടുക്കും.
















