ബാഗ്ദാദ്: സൗദി അറേബ്യ ഇറാഖിന്റെ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചു. മുപ്പതിനായിരം സൈനികരാണ് അതിര്‍ത്തിയില്‍ അണിനിരത്തിയത്. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന 80 കിലോമീറ്റര്‍ സംരക്ഷിക്കാനാണ് സൗദി അറേബ്യയുടെ ഈ നടപടി.
ഭീകരരുടെ ഭീഷണി ചെറുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അബ്ദുള്ള രാജാവ് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സൈനിക നീക്കം ശക്തമാക്കിയത്. ഇറാഖിലെ വിവരങ്ങള്‍ തിരക്കുന്നതിനായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അബ്ദുള്ള രാജാവുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇറാഖിലെ ഷിയ ഭരണകൂടവുമായി ഭിന്നിച്ച് നില്ക്കുന്ന കുര്‍ദ്, സുന്നി വിഭാഗങ്ങളുമായും അയല്‍രാജ്യങ്ങളുമായും ചര്‍ച്ചചെയ്ത് അനിശ്ചിതാവസ്ഥ പരിഹരിക്കാനാണ് അമേരിക്കയുടെ ശ്രമം.
അതിനിടെ സുന്നി വിമതര്‍ തട്ടിയെടുത്ത തുര്‍ക്കിക്കാരായ 32 ട്രക്ക് ഡ്രൈവര്‍മാരെ മോചിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പം തട്ടിയെടുക്കപ്പെട്ട മറ്റ് 49 പേരെക്കുറിച്ച് വിവരമൊന്നുമില്ല. തുര്‍ക്ക് വംശജരായ സൈനികരും നയതന്ത്ര ഉദ്യോഗസ്ഥരുമാണ് ഇപ്പോഴും വിമതരുടെ തടവില്‍ കഴിയുന്നത്. അതിനിടെ സ്വതന്ത്ര കുര്ദ്ദിസ്ഥാന് വേണ്ടി ഹിതപരിശോധനക്ക് തയ്യാറാകാന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി ആവശ്യപ്പെട്ടു.
ഇറാഖിന്റെ ഭാഗമായി നില്‍ക്കണമെന്ന് ബര്‍സാനിയുമായി നടത്തിയ ചര്‍ച്ചയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് സ്വതന്ത്രമാകാനുള്ള നീക്കം കുര്‍ദ്ദ് മേഖല ശക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: