കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു നേരെ നടന്ന റോക്കറ്റാക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു. കാബൂളില്‍ നിന്നും ദല്ഹിയേക്ക് വരികയായിരുന്ന സ്പൈസ് ജറ്റ് വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
100 ലേറെ യാത്രക്കാരുമായി വെളളിയാഴ്ച ഉച്ചക്ക് 12.30ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. വിമാനത്താവളത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൈനിക വിമാനങ്ങള്‍ക്കായുള്ള ഭാഗത്താണ് റോക്കറ്റ് വന്നു പതിച്ചത്. ഉടന്‍ തീപ്പിടിത്തമുണ്ടായെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായതായി കാബൂള്‍ പൊലീസ് അറിയിച്ചത്. യാത്ര തുടര്‍ന്ന വിമാനം സുരക്ഷിതമായി ദല്ഹിയിലെത്തിയതായി സ്പൈസ് ജറ്റ് വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തതായി എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കാബൂള്‍ വിമാനത്താവളത്തിലെ നാറ്റേയുടെ വിമാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കരുതുന്നതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാനസര്‍വീസുകള്‍ തുടരണോ എന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് വ്യോമയാന മന്ത്രാലയം യോഗം ചേര്‍ന്നു. സ്പൈസ് ജെറ്റിനുപുറമേ എയര്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: