ന്യൂദല്‍ഹി:”പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്ന കമ്പനിയുടെ കരാര്‍ ലംഘനങ്ങളില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഈ വിഷയത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് നിവേദനം നല്‍കാനെത്തിയ ബിജെപി തൃശൂര്‍ ജില്ലാകമ്മറ്റി ഭാരവാഹികളോട് മന്ത്രി പറഞ്ഞു. കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട യോഗവും വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കരാര്‍ ലംഘിച്ചുകൊണ്ട് നടക്കുന്ന പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധിസംഘം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെയുള്ള കരാര്‍ പിരിവ് തടയണമെന്നാണ് ബിജെപിയുടെ ആവശ്യം. സര്‍വ്വീസ് റോഡുകളും ബസ് ബേകളും മീഡിയനുകളും വഴിവിളക്കുകള്‍, പാലങ്ങളുടെ കൈവരികള്‍ എന്നിവ സ്ഥാപിച്ചിട്ടില്ല. ദേശീയപാതയുടെ നിര്‍മ്മാണം ഏറ്റെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഈ പ്രവൃത്തികള്‍ ചെയ്യാതെയാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത്. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ടോള്‍ പിരിക്കരുതെന്നാണ് ചട്ടം. ഇതു പാലിക്കാതെ ടോളിനത്തില്‍ കോടിക്കണക്കിനു രൂപ പൊതുജനങ്ങളില്‍ നിന്നും പിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ മന്ത്രിയെ ധരിപ്പിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എ. നാഗേഷ്, മേഖലാ അദ്ധ്യക്ഷന്‍ ടി. ചന്ദ്രശേഖരന്, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ. ഉണ്ണികൃഷ്ണന്, ട്രഷറര്‍ കൃഷ്ണന് നമ്പൂതിരി, വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സെബാസ്റ്റ്യന്‍, സുനില്‍.ഡി. നായിക് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: