ഇരുപത് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1993 ലാണ് മഹാകവി ചങ്ങമ്പുഴ, ബല്‍റാമിന്റെ മനസ്സിലൊരു സ്വപ്നമായി കയറിക്കൂടുന്നത്. അതിന് പിന്നിലും ഒരു കഥയുണ്ട്. ആ കാലത്ത് എപ്പോഴോ തലശ്ശേരിയിലെ ഏതോ തെരുവിലൂടെ നടക്കുമ്പോഴാണ് വഴിയരികില്‍ ഒരു ഭ്രാന്തന്റെ രൂപഭാവാദികള്‍ അനുസ്മരിപ്പിക്കുന്ന ഒരാള്‍ വളരെ ഇമ്പത്തോടെ, സ്വയം മറന്ന് രമണനിലെ വരികള്‍ അക്ഷരസ്ഫുടതയോടെ ചൊല്ലുന്നത് കേട്ടത്. സിനിമയ്ക്ക് വേണ്ട പ്രമേയം പലപ്പോഴും ഒരു യാത്രയിലോ, ഒരു പുസ്തകം വായനയില്‍ നിന്നൊ ഒക്കെയാവും മനസ്സിലേക്ക് വീണുകിട്ടുക. അത്തരത്തിലൊരു പ്രമേയമാണ് ആ ഭ്രാന്തനിലൂടെ ബല്‍റാമിലേക്ക് സന്നിവേശിച്ചത്. അത് സാക്ഷാല്‍ രമണന്റെ സ്രഷ്ടാവ് ചങ്ങമ്പുഴയെക്കുറിച്ചായിരുന്നു. പിന്നീട് ഒരന്വേഷണമായിരുന്നു ഒന്നര വര്‍ഷക്കാലം. ചങ്ങമ്പുഴയുടെ ജീവിതത്തിലൂടെ. പല തവണ വായിച്ചറിഞ്ഞ ചങ്ങമ്പുഴയെ അടുത്തറിയുന്നതിനുള്ള യാത്രയായിരുന്നു തുടര്‍ന്നങ്ങോട്ട്. ചങ്ങമ്പുഴയെഴുതിയതും, ചങ്ങമ്പുഴയെക്കുറിച്ചെഴുതിയതുമായ പുസ്തകങ്ങളിലൂടെ, കവിയുടെ ബന്ധുക്കളിലൂടെ, കവിയെ നേരിട്ടും അല്ലാതെയും അറിയാവുന്നവരിലൂടെ ഒരു യാത്ര. പിന്നെ അദ്ദേഹം പല കാലങ്ങളില്‍ താമസിച്ച പൂനെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലൂടെയെല്ലാം ബല്‍റാം സഞ്ചരിച്ചു. അതിനൊടുവില്‍ രമണം എന്ന പേരില്‍ നോവല്‍ എഴുതി.
ചങ്ങമ്പുഴയെക്കുറിച്ചുള്ള സിനിമയായിരുന്നു മനസ്സില്‍. അതിനാല്‍ത്തന്നെ രമണം എന്ന പേരില്‍ത്തന്നെ തിരക്കഥയും രചിച്ചു. സിനിമയാക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ വെല്ലുവിളി ബല്‍റാമിന് നേരിടേണ്ടി വന്നത്. നിര്‍മാതാവിനെ കിട്ടാനില്ല. പലരേയും സമീപിച്ചു. കഥയുടെ പശ്ചാത്തലം വര്‍ഷങ്ങള്‍ക്കപ്പുറമായതിനാല്‍ ഓഫ്ബീറ്റ് ചിത്രമായിരിക്കും എന്ന ധാരണയാലെന്തോ പലരും പിന്മാറി. എന്നാല്‍ ചിത്രത്തിന്റെ ഗുണഫലങ്ങളും സാധ്യതകളും നിര്‍മാതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിയാതെപോയതിനാലാവാം അങ്ങനെ സംഭവിച്ചതെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ബല്‍റാം പറയുന്നു.
വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ച സ്വപ്നം നിര്‍മാതാവിനെ കിട്ടിയില്ല എന്ന കാരണത്താല്‍ ഉപേക്ഷിക്കാന്‍ ബല്‍റാം തയ്യാറല്ലായിരുന്നു. എഴുത്ത് എന്ന സിദ്ധിയെത്തന്നെ കൂട്ടുപിടിക്കാന്‍ തീരുമാനിച്ചു. 9-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് അക്ഷരങ്ങളുമായുളള ചങ്ങാത്തം. അന്നുമുതല്‍ ഇങ്ങോട്ട് എഴുതിയ ഒട്ടനവധി കൃതികളില്‍ നിന്നും ചിലതെടുത്ത് പ്രസിദ്ധീകരിച്ച് അതില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ തീരുമാനിച്ചു. ഒരു കൂട്ടം പുസ്തകങ്ങള്‍ക്ക് മുഖവിലയായി 2000 രൂപ നിശ്ചയിച്ചുകൊണ്ട് 35,000 കോപ്പികള്‍ വിറ്റഴിച്ച് ആ തുകകൊണ്ട് സിനിമ നിര്‍മിക്കുന്നു. മൂന്ന് മാസം മുമ്പ് ഇങ്ങനെയൊരു ആലോചനയുമായി സാഹിത്യരംഗത്തും മറ്റുമുള്ള പല പ്രമുഖരേയും സമീപിച്ചു. തന്റെ ആശയം മനസ്സിലാക്കിയപ്പോള്‍ എല്ലാവരും പിന്തുണ അറിയിച്ചു. അതിന് ശേഷമാണ് തീരുമാനം ലോകത്തെ അറിയിക്കുന്നത്. ആദ്യ ബാലസാഹിത്യ നോവല്‍ ആയ മുയല് ഗ്രാമം, എഴുത്തുകാരന്റെ എഴുത്തിലെ വൈവിധ്യവും വെളിപ്പെടുത്തുന്ന കൃതിയായ പാവപ്പെട്ട കഥ തുടങ്ങി കളിയാട്ടം, കര്‍മയോഗി എന്നീ ചിത്രങ്ങളുടെ തിരക്കഥവരെ ഉള്‍പ്പെടുന്ന കൃതികളാണ് വില്ക്കുവാന് തീരുമാനിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ മുഖേനയും ചില കമ്പനികള്‍ വഴിയായുമെല്ലാം പുസ്തകം വില്‍ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
1911 ല്‍ ജനിച്ച് 1948 ല്‍ മരണമടഞ്ഞ ചങ്ങമ്പുഴയുടെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് രമണം. ആ ജീവിതത്തെ 1948 എന്ന ഒറ്റ വര്‍ഷത്തില്‍ മാത്രം നിന്നുകൊണ്ടുള്ള കഥപറച്ചില്‍ ശൈലിയിലാണ് ആവിഷ്കരിക്കുന്നത്. ഒരു കാലഘട്ടത്തില്‍ നിന്നുകൊണ്ട് ആ വ്യക്തിയുടെ പല കാലഘട്ടത്തിലെ കഥ പറയുന്നു. എന്നാല്‍ ഇതിനെ ഒരു ഫഌഷ്ബാക്ക് എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ബല്‍റാം പറയുന്നു. തിരക്കഥയില്‍ ഒരുപാട് സാധ്യതകള്‍ കണ്ടെത്താനായത് 20 വര്‍ഷമായി തന്റെ ആഗ്രഹം പൂര്ത്തിയാകാതിരുന്നതുകൊണ്ടാണെന്നും ആഖ്യാന വിസ്ഫോടനം തന്നെ നടത്താന്‍ ഇതിലൂടെ സാധിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ചങ്ങമ്പുഴയുടെ ജീവിതത്തിലേക്ക് പല കാലഘട്ടങ്ങളില്‍ കടന്നുവന്നിട്ടുള്ള സ്ത്രീ ജീവിതങ്ങളെ അതേ പേരില്‍, അതേ അവസ്ഥയില്‍ വെള്ളിത്തിരയിലെത്തിക്കുന്നതിനൊപ്പം ചങ്ങമ്പുഴയുമായി ബന്ധപ്പെട്ട് ലോകം അറിയാതെ പോയ സ്ത്രീകളും ഈ സിനിമയിലൂടെ പുനര്‍ജനിക്കുന്നു. 11 നായികമാരാണ് വിവിധ ഭാവങ്ങളില്‍ ചിത്രത്തെ സമ്പുഷ്ടമാക്കുന്നത്. ചങ്ങമ്പുഴയുടെ ജീവിതകഥ പറയുന്നതിനൊപ്പം സാര്‍വലൗകികതയിലേക്കും രമണത്തിന്റെ പ്രമേയം കടന്നെത്തുന്നു. വേറെ ഏതോ കാലത്ത്, ഏതോ നാട്ടില്‍ മറ്റൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ജീവിതത്തിലും സംഭവിക്കുന്നതുപോലൊരു ധ്വനി ഈ ചിത്രം സൃഷ്ടിക്കുമെന്ന് ചുരുക്കം.
പ്രകൃതിയുമായി ഒത്തുജീവിച്ച കവിയാണ് ചങ്ങമ്പുഴ. കാല്പനികത തുളുമ്പുന്നവയായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. മറ്റ് മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മലയാള ഭാഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തില്‍ സംഗീതത്തിനുമുണ്ട് മുന്‍ഗണന. ഋതുഭേദങ്ങള്‍ കൃത്രിമത്വം ഇല്ലാതെയാണ് ചിത്രീകരിക്കുക. ചങ്ങമ്പുഴയെ അഭ്രപാളിയില്‍ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ പ്രമുഖ യുവതാരം തന്നെ ആയിരിക്കും.
എന്നാല്‍ രമണം യാഥാര്‍ത്ഥ്യമാക്കുന്നതിന് ചങ്ങമ്പുഴയ്ക്ക് ഉണ്ടായതുപോലൊരു അവസ്ഥയെയാണ് ബല്‍റാം മട്ടന്നൂരും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ചങ്ങമ്പുഴയുടെ സ്വന്തം കവിത ‘രമണന്’പ്രസിദ്ധപ്പെടുത്തുന്നതിന് ആദ്യമാരും സന്നദ്ധത കാട്ടിയിരുന്നില്ല. ഒരു സുഹൃത്തിന്റെ സഹായത്താല്‍ 1936 ല്‍ തന്നെ ‘രമണന്’ പ്രസിദ്ധീകൃതമായി. വില ആറണ! (38 പൈസ). തുടക്കത്തില്‍ കുറച്ചു കോപ്പികളെ ചെലവായുള്ളൂ. ഇതില്‍ വാശി തോന്നിയ ചങ്ങമ്പുഴ പുസ്തകക്കെട്ടും പേറി നേരെ തിരുവിതാംകൂറിലേക്ക്. കോളേജുകളിലും വിവിധ സ്ഥാപനങ്ങളിലും കയറി ഇറങ്ങി പുസ്തകം വിറ്റു. ബല്‍റാം മട്ടന്നൂരും തന്റെ പുസ്തകം വിറ്റുകൊണ്ട് സിനിമ പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ ചങ്ങമ്പുഴയുടേതിന് സമാനമായ അനുഭവം എന്നും പറയുന്നതില്‍ തെറ്റില്ല. സിനിമയ്ക്ക് വേണ്ടി പശ്ചാത്തലം പഠിക്കുന്നതിനും മനനം ചെയ്യുന്നതിനുമാണ് ഏറെ സമയം എടുക്കേണ്ടി വരുന്നതെന്ന് ബല്‍റാം പറയുന്നു. പിന്നെ തിരക്കഥ പിറവികൊള്ളുന്നത് അതി വേഗത്തിലായിരിക്കും. രമണത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവുമെല്ലാം ബല്റാമിന്റേതുതന്നെ.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചിക്കന്‍ പോക്സ് ബാധിതനായതിനെ തുടര്‍ന്ന് വര്‍ഷാവസാന പരീക്ഷ എഴുതാന്‍ ബല്‍റാമിന് സാധിച്ചില്ല. ഒരു മുറിയില്‍ തനിച്ചായപ്പോള്‍ ഏകാന്തത വല്ലാതെ അലട്ടിയിരുന്ന ആ സമയത്താണ് ആദ്യമായി എന്തൊക്കയോ എഴുതിക്കൂട്ടിയത്. മുയല്‍ഗ്രാമം എന്ന് അതിന് പേരുമിട്ടു. കുട്ടിയുടെ നിഷ്കളങ്കതയോടെയായിരുന്നു എഴുത്ത്. ആ എഴുത്താണ് എഴുത്തുകാരന് എന്ന നിലയില്‍ തന്നെ ജീവിപ്പിച്ചതെന്ന് ബല്‍റാം പറയുന്നു. 1975 ലായിരുന്നു ആ രചന. ഏഴ് വര്‍ഷത്തിന് ശേഷം 1982 ലാണ് സുഹൃത്ത് ദിലീപ് ആ രചന കാണുന്നതും പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൈ എടുത്തതും. 1983 ല്‍ യുവസാഹിതി, ദര്‍ശനം എന്നിങ്ങനെ രണ്ട് അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു. മുയല്‍ഗ്രാമം കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കളിയാട്ടം, കര്‍മയോഗി, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിരക്കഥാകൃത്ത് എന്ന നിലയില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ് ബല്‍റാം. അദ്ദേഹത്തിന്റെ നാല് തിരക്കഥകള്‍ അണിയറയില്‍ സിനിമയായിക്കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ മട്ടന്നൂരില്‍ സി.എച്ച്.പദ്മനാഭന് നമ്പ്യാരുടേയും ജാനകിയമ്മയുടേയും മകനാണ് ബല്‍റാം. മകള്‍ ഗായത്രി ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. ഭാര്യ സൗമ്യ വീട്ടമ്മയാണ്.
രമണത്തിന് ചലച്ചിത്ര ഭാഷ്യം രചിക്കണമെങ്കില്‍ അഞ്ചേകാല്‍ കോടി രൂപ മുതല്‍മുടക്ക് വേണ്ടി വരും. അവാര്‍ഡ് ചിത്രങ്ങള്‍ക്ക് ബജറ്റ് കുറവാണെന്ന ചിന്തയാണ് പലര്‍ക്കും. ചിത്രങ്ങളെ ഓഫ്ബീറ്റ്, കൊമേഴ്സ്യല്‍ എന്ന് തരം തിരിക്കുമ്പോള്‍ അങ്ങനെയൊരു തരംതിരിവ് ആവശ്യമില്ലെന്ന് ബല്‍റാം പറയുന്നു. ചുരുങ്ങിയ മുതല്‍ മുടക്കിലെടുക്കുന്നതാണ് അവാര്‍ഡ് സിനിമയെന്ന അന്ധവിശ്വാസത്തെ തന്റെ ചിത്രത്തിലൂടെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമത്തിലാണ് ബല്‍റാം. ഒരു വര്‍ഷത്തിനുള്ളില്‍ രമണം തിയേറ്ററുകളിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം. കളിയാട്ടം പോലെ കലാമൂല്യമുള്ള സിനിമയ്ക്ക് തിരക്കഥ രചിച്ച ബല്‍റാം മട്ടന്നൂരിന് ഒരു തലമുറയെ കവിതകൊണ്ട് രമിപ്പിച്ച ചങ്ങമ്പുഴയുടെ ജീവിതവും കാവ്യഭംഗിയോടെ ദൃശ്യവത്കരിക്കുന്നതിന് സഹൃദയരില്‍ നിന്നുള്ള സഹകരണവും കൂടിയേ തീരു. ബല്‍റാം മട്ടന്നൂരിന്റെ പുസ്തകങ്ങള്‍ സ്വന്തമാക്കണമെന്നാഗ്രഹിക്കുന്നവര്ക്ക് 9895752503 എന്ന നമ്പരിലോ www.remanam.com എന്ന വെബ്സൈറ്റ് മുഖേനയോ ബന്ധപ്പെടുക. മലയാളമുള്ളിടത്തോളം നിലനില്‍ക്കുന്ന സിനിമയെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം നിറവേറുന്നതിനായി നമുക്ക് കാത്തിരിക്കാം…
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: