കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് എത്തിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. വിഷയത്തിലെ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ജൂലൈ രണ്ടിനകം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അദ്ധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു.
അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടകള്‍ ആരാണെന്നും ഇവരെ എന്തിനാണ് തിരികെ അയിച്ചതെന്നും ഹൈക്കോടതി ചോദിച്ചു.
കുട്ടികളെ കൊണ്ടുവന്ന സംഭവം ലാഘവത്തോടെ കാണാന്‍ കഴിയില്ല. പഠനത്തിനായാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നത് എന്നാണ് പറയുന്നത്. പഠിക്കാന്‍ വരുന്ന കുട്ടികളെ ഇറച്ചിക്കോഴികളെ പോലെയാണോ കൊണ്ടു വരുന്നതെന്നും കോടതി ചോദിച്ചു. പഠിപ്പിക്കുവാനാണ് ഇവരെ കൊണ്ടുവന്നതെങ്കില്‍ ഈ വിഷയത്തില്‍ എന്തിനാണ് ആളുകളെ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു.
കുട്ടികളെ തിരിച്ചയച്ചത് മാതാപിതാക്കള്ക്കൊപ്പമാണോയെന്നും കോടതി ചോദിച്ചു. അങ്ങനെയാണെങ്കില്‍ കുട്ടികള്‍ അനാഥരാണെന്ന് പറയുന്നതിലെ യുക്തി എന്താണെന്നും കോടതി ആരാഞ്ഞു.
കുട്ടികള്‍ കേരളത്തിലേക്ക് പഠിക്കാന്‍ വന്നതാണെന്നായിരുന്നു മുക്കം അനാഥാലയത്തിന്റെ മറുപടി.
അവധിക്കായി മാതാപിതാക്കളുടെ അടുത്തേക്ക് അയിച്ചതാണെന്നും മുക്കം അനാഥാലയം ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ അവധിക്കു ശേഷം മടങ്ങിയെത്തിയപ്പോഴാണ് പോലീസ് പിടിച്ചതെന്നും അനാഥാലയ ട്രസ്റ്റ് ഹൈക്കോടതയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: