കുണ്ടറ: ശാസ്താംപാട്ട് കലാകാരനായ പശുപാലനാശാന് ജന്മഭൂമിവാര്ത്ത തുണയായി. കൊറ്റങ്കര മാമ്പുഴ തെക്കടത്ത് താമസിക്കുന്ന 97 വയസുള്ള പശുപാലനാശാനും ഭാര്യ 87 വയസുള്ള ജാനകിയും ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടില്‍ താമസിക്കുകയാണെന്നും അധികാരികള്‍ കണ്ണുതുറക്കണമെന്നും ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കൊറ്റങ്കര വില്ലേജാഫീസര്‍ സന്തോഷ് പശുപാലനാശാനെയും ഭാര്യ ജാനകിയെയും സന്ദര്‍ശിക്കാന്‍ ചെന്നു.
ജന്മഭൂമി വാര്‍ത്ത ഞെട്ടലുളവാക്കിയതാണെന്നും ഇതുവരെയാരും ഇത് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും വില്ലേജാഫീസര്‍ പ്രതികരിച്ചു. വില്ലേജാഫീസറിന്റെ നിര്‍ദ്ദേശപ്രകാരം മേക്കോണില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘം അവശനിലയിലായിരുന്ന പശുപാലനാശാനെയും ഭാര്യ ജാനകിയേയും മെഡിക്കല്‍പരിശോധനയ്ക്ക് വിധേയമാക്കുകയും അടിയന്തിര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വില്ലേജാഫീസര്‍ ഉടന്‍തന്നെ പശുപാലനാശാന്റെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് എഡിഎമ്മിനും ജില്ലാകളക്ടര്‍ക്കും നല്കി. പശുപാലനാശാനേയും ഭാര്യയേയും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് വില്ലേജാഫീസര്‍ പറഞ്ഞു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് വിവിധ സന്നദ്ധസംഘടനകളും സഹായഹസ്തവുമായെത്തി.
അയ്യപ്പചരിതം പാടി ക്ഷേത്രശ്രദ്ധ നേടിയ ശാസ്താംപാട്ടിന്റെ കുലപതിയെന്ന് മാമ്പുഴക്കാര് വിശേഷിപ്പിക്കുന്ന പി.പശുപാലനാശാന്. കൊറ്റങ്കരതെക്കടത്ത് ഏത് നിമിഷവും നിലംപൊത്താറായി നില്ക്കുന്ന വീടിനകത്ത് ഭാര്യയുമായി താമസിക്കുകയാണ് ആശാന്. കണ്ണ് കാണാന്‍ വയ്യ, കാതുകേള്‍ക്കാന്‍ വയ്യ, ഓര്‍മ്മയില്ല. എന്നിരുന്നാലും പശുപാലനാശാന് 93-ാം വയസിലും മറക്കാതെ നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പതിമൂന്നാം വയസില്‍ പഠിച്ച ആ അയ്യപ്പചരിതം ഇന്നും പാടുമ്പോള്‍ കേട്ട് നില്ക്കുന്നവര് ഒന്നതിശയിച്ച് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: