തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള അഭിപ്രായഭിന്നതകള്‍ മൂലം സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷനും മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖര്‍ മധ്യസ്ഥത വഹിക്കും. മാത്യു. ടി. തോമസിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ രൂക്ഷമായ ചേരിപ്പോര് സംസ്ഥാനത്ത് ഭരണസ്തംഭനം സൃഷ്ടിച്ചിരിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു.
ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി സ്വന്തം സംഘടനയ്ക്ക് നിവേദനം കൊടുത്തതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് ചീഫ്സെക്രട്ടറിക്കെതിരെ അദ്ദേഹം നല്കിയ പരാതി സംബന്ധിച്ച് പത്രങ്ങളില്‍ വന്ന കാര്യങ്ങള്‍ അന്വേഷിക്കാനാണ് അഡിഷണല്‍ ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. പത്രങ്ങളില്‍ ഇക്കാര്യങ്ങള്‍ വന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ഐഎഎസ് അസോസിയേഷന്റെ നിവേദനം തനിക്ക് ലഭിച്ചിട്ടുണ്ട്. അത് ഗൗരവമായി പരിശോധിച്ച് പരിഹാരം കാണും. സിവില്‍ സപ്ലൈസ് കമ്മിഷണറായിരിക്കെ രാജു നാരായണസ്വാമിക്കെതിരെ വകുപ്പ്സെക്രട്ടറിയും വകുപ്പ് മന്ത്രിയും നടത്തിയ ഇടപെടലുകള്‍ സ്വാമി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താനിടപെട്ട് തടഞ്ഞത് ശരിയാണ്. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ നടപടിക്രമങ്ങളിലുണ്ടായ ചില പിഴവുകള്‍ തിരുത്തുകയാണ് ചീഫ്സെക്രട്ടറി ചെയ്തിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
ചീഫ്സെക്രട്ടറിയുടെ മകള്‍ അമേരിക്കയില്‍ പഠനം നടത്തുന്നത് സ്കോളര്‍ഷിപ്പ് നേടിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇതിനെതിരെയും ചില പത്രങ്ങളില്‍ വാര്‍ത്തയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ദുരൂഹതയുമില്ല. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥരും വാര്‍ഷിക സ്വത്ത് വിവരക്കണക്കുകള്‍ ജനുവരി 30നകം സമര്‍പ്പിക്കണമെന്ന് ചട്ടമുണ്ട്. അതിലെന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാവുന്നതേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇരുചേരികളായി ചെളിവാരിയെറിയുന്നത് സിവില്‍സര്‍വ്വീസിന്റെ മാന്യതയ്ക്ക് കോട്ടമുണ്ടാക്കിയിരിക്കുകയാണെന്ന് മാത്യു ടി. തോമസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിതിരിവുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനവും മൂന്നാര്‍ ഒഴിപ്പിക്കലിലെ ഇടപെടലും ലൈംഗിക ആരോപണവും വരെയാണ് ഉയരുന്നത്. ഉന്നതോദ്യോഗസ്ഥരുടെ ചക്കളത്തിപ്പോര് രൂക്ഷമാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വഹിച്ച പങ്ക് ദൈനംദിന ഭരണ പ്രക്രിയയെ തകിടം മറിച്ചുവെന്നും മാത്യു ടി. തോമസ് ആരോപിച്ചു.
സംസ്ഥാന ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയുടെ ഒത്താശയോടെ സ്വകാര്യ കുത്തകകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അഴിമതികള്‍ക്ക് ചീഫ്സെക്രട്ടറി തേരാളിയാകുന്നു. മുഖ്യമന്ത്രിയുടെ തണലില്‍ മന്ത്രിമാരെപോലും ചീഫ്സെക്രട്ടറി അവഗണിക്കുകയാണ്. തനിക്ക് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മോശമായെഴുതി ശമ്പളവും പ്രമോഷനും തടയുകയാണ്. അഡിഷണല്‍ ഡിജിപിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഡിജിപി എഴുതിയത് ആഭ്യന്തരമന്ത്രി അറിയാതെയാണ് ചീഫ്സെക്രട്ടറി തിരുത്തിയത്. അതിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു. തന്റെ അധികാരം ഇത്തരത്തില്‍ കവര്‍ന്നിട്ടും ആഭ്യന്തരമന്ത്രി മിണ്ടാതിരിക്കുകയാണ്. ചീഫ്സെക്രട്ടറിക്കെതിരായി താനുയര്‍ത്തിയ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: