ആലുവ: മോദി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് മുമ്പില്‍ എത്തിയത് മുന്നൂറിലേറെ നിവേദനങ്ങള്‍. ആലുവയിലും തൃശൂരിലുമായിട്ടാണ് ഇവ മന്ത്രിക്ക് ലഭിച്ചത്.
ആലുവയില്‍ വിശ്രമത്തിനും പത്രസമ്മേളനത്തിനും മാത്രമാണ് മന്ത്രിയെത്തിയത്. എന്നിട്ടും മന്ത്രിയെത്തുന്നതറിഞ്ഞ് 200ലേറെ പേര് നിവേദനങ്ങളുമായെത്തി. പത്രസമ്മേളനത്തിന് ശേഷം മന്ത്രി തന്നെ നേരിട്ട് നിവേദനങ്ങളെല്ലാം സ്വീകരിച്ചു. തൃശൂരില്‍ ജന്മഭൂമി എഡിഷന് ഉദ്ഘാടനത്തിന് ശേഷം നൂറോളം പരാതികള്‍ അവിടെ നിന്നും ലഭിച്ചു. പരാതികളിലേറെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജോണ്‍ പെരുവന്താനത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരാണ് ആദ്യം നിവേദനം നല്‍കിയത്. പ്രൊഫ. എസ്. സീതാരാമന്, പ്രൊഫ. ആര്. ഗോപാലകൃഷ്ണമൂര്‍ത്തി, പ്രൊഫ. കുസുമം ജോസഫ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
ഗാഡ്ഗില്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചകളും പഠനങ്ങളും വേണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എയുടെ കേരളത്തിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) നേതാക്കളും നിവേദനം നല്കി. പാര്‍ട്ടി ലീഡര്‍ അഡ്വ. നോബിള്‍ മാത്യു, ചെയര്മാന് പ്രൊഫ. പ്രകാശ് കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി കുരുവിള മാത്യു, സീനിയര്‍ വൈസ് ചെയര്മാന് പി.ടി. എബ്രഹാം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: