കല്‍പ്പറ്റ : നേരം വെളുത്താല്‍ വീട്ടുകാരോടുള്ള ബിന്ദു ടീച്ചറുടെ ആദ്യത്തെ ചോദ്യം ഇതായിരിക്കും, രാത്രി ആനയുടെ ചിഹ്നം വിളി കേട്ടോയെന്ന്, ഇല്ലെന്നായാല്‍ സന്തോഷമായി. കുട്ടികളെ ധൈര്യത്തോടെ അംഗണ്‍വാടിയില്‍ എത്തിക്കാമല്ലോ. വയനാട് വന്യജീവി സങ്കേതത്തിലെ വനഗ്രാമമായ പൊന്‍കുഴി പണിയ കോളനിയിലുള്ള 41 -ാം നമ്പര്‍ അംഗണ്‍വാടിയിലെ വര്‍ക്കറാണ് എം.എസ്.ബിന്ദു. കോളനിക്കാര്‍ സന്തോഷത്തോടെ ടീച്ചര്‍ എന്നുവിളിക്കും. ഇവിടുത്തെ കോളനിയിലെ ഒരു വീട്ടിലാണ് അംഗണ്‍വാടി പ്രവര്‍ത്തിക്കുന്നത്.15 -ഓളം കുട്ടികളുണ്ട്. സംയോജിത ശിശു വികസന സേവനപദ്ധതി പ്രകാരം ബത്തേരി ബ്ലോക്കിലെ ഒന്‍പതാം വാര്‍ഡിലാണ് അംഗണ്‍വാടി. കോളനിയില്‍ ഏത് സമയത്തും വന്യമൃഗങ്ങളെത്താം. രാപകല്‍ ഭേദമില്ലാതെ കാട്ടാനകളെയും കാട്ടുപോത്തുകളെയും ഇവിടെ കാണാം. ഗ്രാമീണരുടെ പച്ചക്കറി-അടുക്കള തോട്ടങ്ങള്‍ക്ക് നെയിലോണ്‍ നെറ്റിന്റെ സംരക്ഷണമുണ്ട്. പച്ചക്കറി തിന്നുന്നതിനായി മാനുകള്‍ സദാസമയവും കോളനിയിലെത്തും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിന്ദുവാണ് അംഗണ്‍വാടി നോക്കിനടത്തുന്നത്. തൊട്ടടുത്ത വനഗ്രാമമായ രാംപള്ളിയിലാണ് ബിന്ദുവിന്റെ താമസം. വന്യമൃഗങ്ങള്‍ക്ക് വഴിമാറി കുട്ടികളുമൊത്താണ് ബിന്ദുവിന്റെ യാത്ര. ഇടയ്ക്ക് അകമ്പടിയായി കോളനിക്കാരുണ്ടാകും. വന്യമൃഗശല്യം രൂക്ഷമാകുന്ന അവസരങ്ങളില്‍ അംഗണ്‍വാടി മുടങ്ങും. കുട്ടികള്‍ക്കാവട്ടെ വന്യമൃഗങ്ങള്‍ സുപരിചിതവും.
കെ. സജീവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: