റിയോ ഡി ജനീറോ: ചരിത്രപ്രസിദ്ധമായ മാരക്കാന സ്‌റ്റേഡിയത്തില്‍ വീണ്ടുമൊരു ദുരന്തം. അറുപത്തിനാല് വര്‍ഷങ്ങള്‍ക്കുശേഷമുള്ള അത്യാഹിതത്തിന് ഇരയായത് നിലവിലെ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍. 20-ാമത് ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട സ്‌പെയിന്‍ പുറത്തായി. ഇതുവരെ ഏഴു ഗോളുകള്‍ വഴങ്ങിയ സ്‌പെയിന്‍ ഒരെണ്ണം മാത്രമാണ് തിരിച്ചടിച്ചത്.
1950-ലെ ലോകകപ്പ് ഫൈനലില്‍ ഉറുഗ്വെയോട് ബ്രസീല്‍ തോറ്റതായിരുന്നു ഒന്നാം മാരക്കാന ദുരന്തം. ഇപ്പോഴിതാ എതിരാളികളെ ടിക്കി ടാക്കകൊണ്ട് ഇഞ്ചിഞ്ചായി കൊന്നുശീലിച്ച സ്‌പെയിനും മാരക്കാനയിലെ കണ്ണീര്‍കഥയുടെ കൂട്ടത്തില്‍ ചേര്‍ന്നു.
സ്‌പെയിനിന്റെ പതനത്തിന് നായകനും ഗോള്‍കീപ്പറുമായ ഇകര്‍ കസിയസിന്റെ സംഭാവനയും ചെറുതല്ല. ഹോളണ്ടിനെതിരെ മൂന്ന് വന്‍ അബദ്ധങ്ങള്‍ കാട്ടിയിട്ടും ടീമിന്റെ ഒന്നാം നമ്പര്‍ ഗോളിയായി തുടരാന്‍ അവസരം ലഭിച്ച കസിയസ് ചിലിക്കെതിരെയും പിഴവുകള്‍ ആവര്‍ത്തിച്ച് ബഫൂണായി മാറുന്നതിനും മാരക്കാന സാക്ഷ്യംവഹിച്ചു. ടിക്കി ടാക്കയെന്ന അപൂര്‍വസുന്ദരമായ കേളീശൈലിയുടെ മരണം കൂടിയായിത്തീര്‍ന്നു സ്‌പാനിഷ് ദുരന്തം. കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ ബ്രസീലായിരുന്നു ടിക്കി ടാക്കയെ എങ്ങനെ മറികടക്കാമെന്ന് ഫുട്‌ബോള്‍ ലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്തത്.
ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറുടെ റോളില്‍ തിളങ്ങാതിരുന്നിട്ടും ചിലിക്കെതിരെ സാബി അലോണ്‍സോയെയും സെര്‍ജിയോ ബുസ്‌കെറ്റ്‌സിനെയും നിലനിര്‍ത്തിയതും കോച്ച് ഡെല്‍ ബോസ്‌കിന്റെ മണ്ടന്‍ തീരുമാനങ്ങളായിരുന്നു.
എന്നാല്‍ ഹോളണ്ടിനെതിരെ തോറ്റ സംഘത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്താന്‍ ഡെല്‍ ബോസ്‌ക് തുനിഞ്ഞു. ഡിഫന്‍സില്‍ തീരെ നിറംമങ്ങിയ ജെറാദ് പിക്വെയെ മാറ്റി ബയേണ്‍ മ്യൂണിക് താരം ജാവി മാര്‍ട്ടിനസിനെ കൊണ്ടുവന്നു. മധ്യനിരയില്‍ സാവിക്ക് പകരം പെഡ്രോയും ഇടംനേടി. 4-2-3-1 ശൈലിയില്‍ ഇനിയേസ്‌റ്റയെ മിഡ്‌ഫീല്‍ഡിന്റെ ഇടതു വശത്തും ഡേവിഡ് സില്‍വയെ മധ്യ ഭാഗത്തും പെഡ്രോയെ വലതു വശത്തും പരീക്ഷിച്ചപ്പോള്‍ മാറ്റം വരേണ്ട സുപ്രധാനമായ ഒരു പൊസിഷന്‍ ഡെല്‍ ബോസ്‌ക് ഒഴിച്ചിട്ടു, ഗോള്‍കീപ്പര്‍ കസിയസിന്റെ. അലക്‌സി സാഞ്ചസിന്റെ അപകടകരമല്ലാത്ത ഫ്രീകിക്ക് കയ്യിലൊതുക്കുന്നതിന് പകരം ദുര്‍ബലമായി പഞ്ച് ചെയ്‌ത് രണ്ടാംഗോളിന് വഴിവച്ച കസിയസ് ടീമിന്റെ ശവക്കുഴിതോണ്ടുകയും ചെയ്‌തു. ഫലത്തില്‍ ജയം അത്യന്താപേക്ഷികമായ മത്സരത്തില്‍ സ്‌പെയിന്‍ മാനസികമായി തകര്‍ന്നു.
അലോണ്‍സോയെ മാറ്റി പകരം ഡിയാഗോ കോസ്റ്റയ്‌ക്ക് കൂടുതല്‍ അനുയോജ്യനായ കോക്കെയെ കൊണ്ടുവന്നത് രണ്ടാം പകുതിയിലാണ്. കോക്കെ വന്നതിന് ശേഷമുള്ള സ്‌പെയിന്റെ കളി ശ്രദ്ധിച്ചാല്‍ കോസ്‌റ്റ ഉണര്‍ന്നത് എങ്ങനെയെന്ന് വ്യക്തം. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ കോസ്‌റ്റയും കോക്കെയും നല്ലൊരു നീക്കം നടത്തി. പന്ത് വലയില്‍ നിക്ഷേപിക്കാവുന്ന നിലയിലായിരുന്നിട്ടുകൂടി ടീമിനെ തിരിച്ചുകൊണ്ടുവരാനുള്ള അവസരം ബുസ്‌കെറ്റ്‌സ് തുലച്ചു. അവിടെ തീര്‍ന്നു സ്‌പെയിന്‍. പകരക്കാരന്‍ സാന്റി കാസൊറോള രണ്ട് ലോംഗ് റേഞ്ചറുകളിലൂടെ ചിലി പോസ്‌റ്റ് ലക്ഷ്യം വെച്ചതൊഴിച്ചാല്‍ ലോക ചാമ്പ്യന്മാര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒന്നുമില്ല.
ഇടക്കാലത്ത് ക്ലൗഡിയോ ബോര്‍ഗെയെ കൈവിട്ട മാഴ്‌സലോ ബിയേല്‍സയുടെ ശൈലി സംബോളി തിരിച്ചുകൊണ്ടുവന്നതാണ് ചിലിയുടെ ഉണര്‍വിനു കാരണം. സ്‌പെയിനിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ചിലി താരങ്ങള്‍ അത്ര വലിപ്പമുള്ളവരല്ല. 5 അടി 11 ഇഞ്ച് ഉയരമുള്ള വിദാലാണ് ടീമിലെ ഏറ്റവും പൊക്കമുള്ളയാള്‍. കടുത്ത ടാക്ലിംഗുകള്‍ ചിലി സ്‌പെയിനിനെതിരെ പ്രയോഗിച്ചില്ല. സ്‌പെയ്‌നിനെ കായികബലം കൊണ്ടല്ല ചിലി കീഴടക്കിയത്. മറിച്ച് കളിയോടുള്ള സമര്‍പ്പണംകൊണ്ടാണ്. കിരീടം നിലനിര്‍ത്താനുള്ള ആര്‍ജ്ജവം തങ്ങള്‍ക്ക് ഇല്ലാതെപോയെന്ന് മത്സരശേഷം വിലപിച്ച അലോണ്‍സോയെപ്പോലെയായിരുന്നില്ല ചിലിക്കാര്‍ മൈതാനത്ത്. അവര്‍ സ്‌പെയിന്റെ പൊസഷന്‍ ഫുട്‌ബോളിനെ പൊളിച്ചടക്കി. ക്രിയേറ്റീവായി കളിച്ചു. മൈതാനത്തെ ഇടങ്ങളെല്ലാം വിനിയോഗിച്ചു. കഴിഞ്ഞ സെപ്‌തംബറില്‍ ജനീവയില്‍ ചിലിയോട് ഏറ്റുമുട്ടിയപ്പോള്‍ അന്ത്യ നിമിഷങ്ങളിലൊന്നില്‍ ജീസസ് നവാസ് നേടിയ ഗോളാണ് സ്‌പെയിനിന് സമനില സമ്മാനിച്ചത്. അതില്‍നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ വിശ്വവിജയികള്‍ക്ക് കഴിഞ്ഞില്ല.
സ്‌പെയിന്റെ അപ്രതീക്ഷിത മടക്കം ഭാവിയില്‍ പല ചര്‍ച്ചകളിലേക്കും വഴിതുറക്കും. 1970-ല്‍ പ്ലേമേക്കറുടെ പൊസിഷന്‍ ഇറ്റലികൊണ്ടുവന്ന ശേഷം ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പ്ലേയിംഗ് പൊസിഷനായ ഫാള്‍സ്9 സംബന്ധിച്ചു തന്നെയാവും അതിലേറെയും. ഫാള്‍സ്9 വേണോ അതോ യഥാര്‍ത്ഥ സ്‌ട്രൈക്കര്‍ വേണോ എന്ന ആശയക്കുഴപ്പം ഡെല്‍ബോസ്‌കിന് ശേഷം വരുന്നവര്‍ക്കും ഉണ്ടാകും.
ഓസ്‌ട്രേലിയയുമായുള്ള അവസാന ഗ്രൂപ്പ് മത്സരം ജയിച്ച് സമ്പൂര്‍ണ്ണ തോല്‍വി എന്ന നാണക്കേട് ഒഴിവാക്കാന്‍ സ്‌പെയിന്‍ പരിശ്രമിക്കും. പക്ഷേ, ഹോളണ്ടുമായുള്ള ഓസ്‌ട്രേലിയയുടെ കളി കണ്ടവരാരും സ്‌പെയിന്‍ ജയിക്കുന്നതുവരെ അവരെ വിശ്വസിക്കില്ല.
















