റാസൈഫ്: ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച ഇറ്റലി ഇന്ന് നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ തകര്‍ത്തെറിഞ്ഞ കോസ്റ്ററിക്കയാണ് ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ അസൂറികളുടെ എതിരാളികള്‍. ഇറ്റലിയാകട്ടെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നത്തെ പോരാട്ടത്തിനിറങ്ങുന്നത്. രാത്രി 9.30നാണ് മത്സരം ആരംഭിക്കുക. ആരു ജയിച്ചായും അവര്‍ക്ക് പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനം ഏറെക്കുറെ ഉറപ്പാണെന്നതിനാല്‍ ഇന്നത്തെ പോരാട്ടം ആവേശകരമായിരിക്കും.
മത്സരത്തില്‍ മുന്‍തൂക്കം ഇറ്റലിക്കുതന്നെയാണ്. ആന്ദ്രെ പിര്‍ലോ എന്ന മിഡ്ഫീല്‍ഡര്‍ ജനറല്‍ നയിക്കുന്ന മധ്യനിരയും മരിയോ ബെലോട്ടെല്ലി നയിക്കുന്ന മുന്നേറ്റനിരയും മികച്ച ഒത്തിണക്കമാണ് ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ കാഴ്ചവെച്ചത്. ഈ മികവ് ഇന്നും പുറത്തെടുത്താല്‍ അസൂറികള്‍ക്ക് കോസ്റ്ററിക്കയെ കീഴടക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരില്ല. മധ്യനിരയില്‍ കളി മെനയാല്‍ പിര്‍ലെക്കൊപ്പം ഡി റോസ്സിയും മാര്‍ച്ചിസിയോയും കാന്‍ഡ്രവയും വെരാറ്റിയും ഇറങ്ങിയാല്‍ കോസ്റ്ററിക്ക് വിയര്‍ക്കുകതന്നെ ചെയ്യും. ഇംഗ്ലണ്ടിനെതിരെ വിജയ ഗോള്‍ നേടിയ മരിയോ ബലോട്ടെല്ലിക്കായിരിക്കും ഇന്നും കോസ്റ്ററിക്കന്‍ വല കുലുക്കാനുള്ള അവസരം. അതുപോലെ കരുത്തുറ്റ പ്രതിരോധനിരയും അസൂറികള്‍ക്ക് സ്വന്തമാണ്. ആന്ദ്രെ ബര്‍സാഗ്ലി, ഡാര്‍മിയാന്‍, പലേറ്റ, ജോര്‍ജിയോ ചില്ലിനി എന്നിവര്‍ക്കായിരിക്കും പ്രതിരോധക്കോട്ട കെട്ടാനുള്ള ചുമതല. അതേസമയം ആദ്യ മത്സരത്തില്‍ പരിക്കുകാരണം കളിക്കാതിരുന്ന ക്യാപ്റ്റനും ഗോളിയുമായ ബഫണ്‍ പരിക്ക് മാറി ഇന്ന് പോസ്റ്റിന് മുന്നില്‍ കാവല്‍ നില്‍ക്കാനിറങ്ങും. അതുകൊണ്ടുതന്നെ ഉറുഗ്വെക്കെതിരെ കളിച്ച പ്രകടനമൊന്നും മതിയാവില്ല കോസ്റ്ററിക്ക് ഇറ്റലിക്കെതിരെ വിജയിക്കണമെങ്കില്‍.
ആദ്യ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ഉറുഗ്വെയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കോസ്റ്ററിക്ക ഇന്ന് അസൂറികളെ നേരിടാനൊരുങ്ങുന്നത്. മാത്രമല്ല 2002-ലെ ലോകകപ്പില്‍ ഒരു വിജയം നേടിയ ശേഷം ആദ്യമായാണ് കോസ്റ്ററിക്ക ലോകകപ്പില്‍ വിജയം സ്വന്തമാക്കുന്നത്. ആഴ്സണലിന്റെ ജോയല്‍ കാംപെല്ലാണ് കോസ്റ്ററിക്കന്‍ ആക്രമണത്തിന്റെ കുന്തമുന. ഉറുഗ്വെക്കെതിരായ മത്സരത്തില്‍ പേരുകേട്ട അവരുടെ പ്രതിരോധത്തെ കീറിമുറിച്ച കാംപെല്‍ അതേ മികവ് ഇന്നും പുറത്തെടുത്താല്‍ ഇറ്റലിക്ക് വിയര്‍ക്കും. കാംപെല്ലിന് പുറമെ ഓസ്കര്‍ ഡുറേറ്റ, മാര്‍ക്കോ യുരേന എന്നിവരാണ് കോസ്റ്ററിക്കന്‍ ടീമിന്റെ നെടുംതൂണുകള്‍.
ഗ്രൂപ്പ് ഇയില്‍ ഇന്ന് നടക്കുന്ന മത്സരങ്ങള്‍ നോക്കൗട്ട് ലക്ഷ്യമിട്ട് ഫ്രാന്‍സും സ്വിറ്റ്സര്‍ലന്റും ഏറ്റുമുട്ടുമ്പോള്‍ ആദ്യ വിജയം നേടാനായി ഇക്വഡോറും ഹോണ്ടുറാസും കൊമ്പുകോര്‍ക്കും. സ്വിറ്റ്സര്‍ലന്റും ഫ്രാന്‍സും തങ്ങുടെ ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു.
















