ബാഗ്ദാദ്: ഇറാഖില്‍ നിന്നും സുന്നിഭീകരര് തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാര്‍ മൊസൂളിന് സമീപത്തുള്ള നഗരത്തിലെ ഒരു വീട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് വിവരം ലഭിച്ചതായി ഇറാഖ് സര്‍ക്കാര്‍. ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഭീകരരുടെ കൈയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇതുവരെ ആവശ്യങ്ങള്‍ ഒന്നുംതന്നെ ഭീകരര്‍ ഉന്നയിച്ചിട്ടില്ലെന്നും ഇറാഖ് വിദേശകാര്യമന്ത്രി സെയ്ദ് അക്ബറുദീന് വ്യാഴാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യക്കാര്‍ എവിടെയാണെന്നു വ്യക്തമായെന്നും അവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
ഇറാഖില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യാക്കാര്‍ ഭൂരിഭാഗവും പഞ്ചാബികളാണ്. ഇവരുടെ കുടുംബങ്ങളെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സന്ദര്‍ശിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരെ വിട്ടയയ്ക്കാന് മോചനദ്രവ്യം നല്കാന് തയ്യാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബൈജിലെ റിഫൈനറി പൂര്‍ണമായി സുന്നിഭീകരുടെ നിയന്ത്രണത്തിലായി. ഇറാഖില്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളെല്ലാം ഭീകരര്‍ പിടിച്ചെടുത്തു. ഭീകരവാദികളെ തുരത്താന്‍ ഇറാഖ് അമേരിക്കയോട് വ്യോമാക്രമണമുള്പ്പെടെ ഔദ്യോഗികമായി സഹായം ആവശ്യപ്പെട്ടു. ഇക്കാര്യം അമേരിക്കയും സ്ഥിരീകരിച്ചു.
ശിരോമണി അകാലിദള്‍ നേതാക്കള്ക്കൊപ്പമായിരിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയവരുടെ കുടുംബാഗങ്ങള്‍ സുഷമ സ്വരാജിനെ കാണാനെത്തിയത്. തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി പഞ്ചാബ് സര്‍ക്കാര്‍ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും ഭീകരവാദികള്‍ എന്ത് ആവശ്യപ്പെട്ടാലും അത് നല്കാന് സര്‍ക്കാര്‍ സന്നദ്ധമാണെന്നും ബാദല്‍ പറഞ്ഞു. വിദേകാര്യമായതിനാല് കേന്ദ്രസര്‍ക്കാരാണ് കൂടിയാലേചന നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരരുടെ കൈയില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ളതെല്ലാം ചെയ്യുമെന്നും ഫോണ്‍ മുഖാന്തരം ഇക്കാര്യം അറിയിച്ചതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.
40 ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ബുധനാഴ്ച്ച സ്ഥിരീകരിച്ചു. ഇന്ത്യക്കാരുടെ മോചനത്തിനായി മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ ഇറാഖിലേയ്ക്ക് പ്രധാനമന്ത്രി നിയോഗിച്ചിട്ടുണ്ട്. താരീഖ് നൂര്‍ അല്‍ ഹുഡ കമ്പനിയിലെ നിര്‍മ്മാണ തൊഴിലാളികളായ ഇന്ത്യക്കാരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഭീകരാക്രമണത്തെ തുടര്‍ന്ന് കമ്പനിയില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് നിര്‍മ്മാണത്തൊഴിലാളികള്‍ ഭീകരരുടെ പിടിയിലായത്.
ബാഗ്ദാദില്‍ നിന്നും 250 കിലോമീറ്ററില്‍ ഉള്ള ബൈജി റിഫൈനറിയില്‍ സുന്നി ഭീകരര്‍ അവരുടെ കറുത്ത പതാക നാട്ടി അധികാരം ഉറപ്പിച്ചു. റിഫൈനറിയിലേക്ക് വരുന്ന വഴികളില്‍ ഭീകരര്‍ ചെക്ക്്പോസ്റ്റുകള് സ്ഥാപിച്ചിട്ടുണ്ട്. റിഫൈനറിയില്‍ ഒരു എണ്ണ ടാങ്ക് ഭീകരര്‍ കത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭീകരരെ തുരത്തി റിഫൈനറി തിരിച്ചു പിടിക്കാന്‍ സൈന്യം അടുത്ത ഏറ്റുമുട്ടലിന് പദ്ധതിയിടുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാഖില്‍ വ്യോമാക്രമണം നടത്തുന്നതില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വ്യക്തമാക്കി. വ്യോമസേനയുടെ സഹായം അനിവാര്യമാണെന്ന് ഇറാഖ് വിദേശകാര്യമന്ത്രി ഹോഷ്യാര്‍ സെബ്രി പറഞ്ഞു. ആളില്ലാ വിമാനമായ ട്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിടുന്നതെന്നാണ് നിലവിലെ സൂചന. രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഭീകരര്‍ സ്വാധീനമുറപ്പിക്കുകയാണ്. മിക്കയിടങ്ങളിലും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: