സാവോപോളോ: ലോകകപ്പ് ജേതാക്കള്‍ക്കു ട്രോഫി സമ്മാനിക്കുക ബ്രസീലിയന്‍ സൂപ്പര്‍മോഡല്‍ ജിസലെ ബന്‍ഡ്ചെന്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ദിനപത്രം ദ ബോസ്റ്റണ്‍ ഗ്ലോബ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു.
2010ല്‍ സ്പെയിനിന് ട്രോഫി കൈമാറിയത് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററായിരുന്നു. എന്നാല്‍ ഫിഫയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണങ്ങള്‍ ബ്ലാറ്ററുടെ ജനപ്രീതി ഇടിച്ചെന്നു വിലയിരുത്തപ്പെടുന്നു. ലോകകപ്പിനുവേണ്ടി പൊതു ഖജനാവിലെ പണം ധൂര്‍ത്തടിച്ചെന്ന ആക്ഷേപത്തിന് വിധേയയായ ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫും ഭൂരിഭാഗം പേരുടെയും കണ്ണിലെ കരടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബന്‍ഡ്ചെനിനു നറുക്കുവീഴുമെന്നു കരുതപ്പെടുന്നു. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ജൂലൈ 13നാണ് ലോകകപ്പ് ഫുട്ബോളിന്റെ സമാപന ചടങ്ങ് അരങ്ങേറുക.
















