ബാഗ്ദാദ്: ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. താരിഖ് നൂര്‍ അല്‍ ഹുഡ എന്ന നിര്‍മ്മാണകമ്പനിയിലെ കരാര്‍ തൊഴിലാളികളായ ഇന്ത്യക്കാരെയാണ് സംഘര്‍ഷബാധിതമായ മൊസൂളില്‍ നിന്ന് ഐഎസ്ഐഎസ് ഭീകരര്‍ കടത്തിക്കൊണ്ടുപോയത്. ഭീകരരുടെ പിടിയിലായവരില്‍ ഭൂരിഭാഗവും പഞ്ചാബ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇതുവരെ ഒരു സംഘവും അധികൃതരെ ബന്ധപ്പെട്ടിട്ടില്ല. ഭീകരരുടെ ഒളിസങ്കേതം കണ്ടെത്താനാകാതെ ഇറാഖി അധികൃതര്‍ ഇരുട്ടില്‍ത്തപ്പുന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തിക്കഴിഞ്ഞു.
തൊഴിലാളികളെ ബന്ദിയാക്കിവച്ചിരിക്കുന്ന ഇടത്തെ സംബന്ധിച്ചോ അവരുടെ അവസ്ഥയെപ്പറ്റിയോ ഇപ്പോഴൊന്നും പറയാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന്റെ രീതി വെളിവായിട്ടില്ല. ഇന്ത്യക്കാരെ സഹായിക്കാനുള്ള ഒരവസരവും പാഴാക്കില്ല. തൊഴിലാളികള്‍ ഭീകരരുടെ പിടിയില്പ്പെട്ടെന്ന് ഇന്റര്‍നാഷണല്‍ റെഡ് ക്രീസ്ന്റ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അക്ബറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ ഇറാഖിലെ മുന്‍ സ്ഥാനപതിയായ സുരേഷ് റെഡ്ഡിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇറാഖിലെത്തുന്ന അദ്ദേഹം വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തും. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിനും റെഡ്ഡി യത്നിക്കും. ഇറാഖിനെക്കുറിച്ചുള്ള അറിവും അവിടത്തെ ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കാനുള്ള കഴിവുമാണ് റെഡ്ഡിയെ ചുമതലയേല്‍പ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. സുഷമയുടെ നിര്‍ദേശപ്രകാരം ഇറാഖിലെ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി കൈമാറുന്നുമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും എംബസിയില്‍ തുറന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ കണ്ട്രോള് റൂം ആരംഭിക്കാനും തീരുമാനമായി. ന്യൂദല്‍ഹിയിലെ ഇറാഖി അംബാസഡറെ വിളിച്ചുവരുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്കാരുടെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. എണ്ണപ്പാടങ്ങളിലും ആശുപത്രികളിലുമായി 18,000 ഓളം ഇന്ത്യക്കാര്‍ ഇറാഖിലുണ്ടെന്നാണ് എംബസിയുടെ കണക്ക്.
അതേസമയം, തികൃത്തില്‍ കുടുങ്ങിക്കിടക്കുന്ന 46 ഇന്ത്യന്‍ നഴ്സുമാര്‍ രാജ്യത്തു തിരിച്ചെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിച്ചു.
നഴ്സുമാരില്‍ ഭൂരിഭാഗവും മലയാളികളാണ്. സുന്നി ഭീകരര്‍ ആശുപത്രിയുടെ സമീപത്ത് റോന്തു ചുറ്റുകയാണെന്നും വെടിയൊച്ചകള്‍ക്ക് നടുവിലാണ് കഴിയുന്നതെന്നും നഴ്സുമാര്‍ വെളിപ്പെടുത്തി. ഭീകരരുടെ ഷെല്ലാക്രമണത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന് തകരാറിലായി. മൊബെയില്‍, ലാന്ഡ്ഫോണ് കണക്ഷനുകള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും വിച്ഛേദിക്കപ്പെടാമെന്ന അവസ്ഥയിലാണെന്നും ഇടുക്കി ജില്ലക്കാരിയായ നഴ്സ് ജെന്‍സി ജെയിംസ് പറഞ്ഞു. സദ്ദാം ഹുസൈന്റെ ജന്മനാടായ തികൃത്തിന്റെ നിയന്ത്രണം ഭീകരര്‍ ഇതിനകം കൈവശപ്പെടുത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: