കോട്ടയം: പൈനാവിലെ കേന്ദ്രീയ വിദ്യാലയത്തിന് സുരക്ഷിതമായ സ്കൂള്‍ കെട്ടിടം വേണമെന്ന ആവശ്യവുമായി കുട്ടികളും രക്ഷിതാക്കളും സമരരംഗത്തേക്ക്. ഇതിന്റെ ഭാഗമായി 20ന് കോട്ടയത്തെ സിപിഡബ്ല്യൂഡി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തും.
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ 2008ല്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രീയ വിദ്യാലയം ഇടുക്കി ഡാമിന്റെ നിര്‍മ്മാണ കാലത്ത് താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇതാവട്ടെ ഏതു നിമിഷവും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലുമാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രീയ വിദ്യാലയത്തിന് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 10 ഏക്കര്‍ സ്ഥലം വിട്ടുനല്‍കി. 2009ല്‍ 13.15 കോടി രൂപ സ്കൂള്‍ മന്ദിരം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ചുറ്റുമതില്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി അനുവദിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രപൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂദല്‍ഹി സ്വദേശിയായ കരാറുകാരന് സ്കൂളിന്റെ പണി പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം മേല്ക്കൂരയിലെത്തിയെങ്കിലും, വൈദ്യുതീകരണവും തറയുടെ ജോലികളും ഉള്‍പ്പെടെയുള്ളവ അവശേഷിക്കുകയാണ്. ക്വാര്‍ട്ടേഴ്സിന്റെ നിര്‍മ്മാണം എങ്ങും എത്തിയിട്ടുമില്ല. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയെങ്കിലും പണി നടത്തുന്ന സ്ഥലത്തേക്ക് എത്തി നോക്കാന്‍ പോലും ഇയാള്‍ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. 23ന് ക്ലാസ് തുടങ്ങുമെന്നിരിക്കെ പഴയ കെട്ടിടത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നത് ഏറെ അപകടം സൃഷ്ടിക്കുമെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. താമസ സൗകര്യത്തിന്റെ അഭാവംമൂലം സ്ഥിരം അദ്ധ്യാപകരും ഇതര ജീവനക്കാരും ഇവിടെ വിരളമാണ്.
ബന്ധപ്പെട്ട അധികാരികള്‍ക്ക് പലവട്ടം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് 20ന് കോട്ടയം ശാസ്ത്രി റോഡിലെ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സ്കൂള്‍ പേരന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ജോസ് കെ. മാണി എംപി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പേരന്റ്സ് അസോസിയേഷന് ഭാരവാഹികളായ ടോമി ഇളംതുരുത്തി, സെക്രട്ടറി റോയി ജോസഫ്, പി. കെ. ശശി, രാജു തോമസ് എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: