നറ്റാല്‍: കളം നിറഞ്ഞ തുകൊണ്ടു കാര്യമില്ല… ഗോളടിച്ചാലേ വിജയം സ്വന്തമാക്കാന്‍ കഴിയൂ. ആഫ്രിക്കന്‍ കരുത്തരായ ഘാനക്ക് ഇന്നലെ അമേരിക്കക്കെതിരെ നടന്ന മത്സരത്തില്‍ സംഭവിച്ചതും അതാണ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അമേരിക്ക ഘാനയെ കീഴടക്കിയത്. കഴിഞ്ഞ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഘാനയോടേറ്റ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി അമേരിക്കയുടെ വിജയം. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ തൊണ്ണൂറ്റി മൂന്നാം മിനിറ്റില്‍ ഘാന നേടിയ ഗോളിലാണ് അമേരിക്ക തോറ്റത്. അന്ന് മികച്ച രീതിയില്‍ കളിച്ച അമേരിക്കയില്‍ നിന്നും ഘാന വിജയം തട്ടിപ്പറിച്ചപ്പോള്‍ ഇന്ന് ആ വേഷം അമേരിക്കക്കായിരുന്നു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ 86-ാം മിനിറ്റില്‍ ജോണ്‍ ബ്രൂക്ക്സ് നേടിയ ഗോളാണ് അമേരിക്കക്ക് ആദ്യ പോരാട്ടത്തില്‍ വിജയം സമ്മാനിച്ചത്. ലോകകപ്പ് പോരാട്ടത്തില്‍ ഘാനക്കെതിരെ അമേരിക്കയുടെ ആദ്യ വിജയം കൂടിയാണിത്.
എന്നാല്‍ മത്സരത്തിലുടനീളം പന്ത് കൂടുതല്‍ കൈവശം വെച്ചിട്ടും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ഭാഗ്യം ഘാനയെ തുണച്ചില്ല. 21 ഷോട്ടുകളാണ് ഘാന അമേരിക്കന്‍ ഗോള്‍മുഖത്തേക്ക് പറത്തിയത്. എന്നാല്‍ ലക്ഷ്യത്തിലേക്ക് പറന്നത് വെറും മൂന്നെണ്ണം മാത്രം. മത്സരം ആരംഭിച്ച് 29 സെക്കന്റ് പിന്നിട്ടപ്പോഴേക്കും ആദ്യ ഗോള്‍ പിറന്നു. അമേരിക്കന്‍ ക്യാപ്റ്റന്‍ ക്ലിന്റ് ഡെമ്പ്സിയാണ് ഏവരേയും ഞെട്ടിച്ച ഗോളിന്റെ അവകാശി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ ഗോളാണിത്. ഇടതുവിംഗില്‍നിന്ന് ബിയേഴ്സ്ലിയും ജോണ്‍സും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ലഭിച്ച പന്തുമായി മുന്നേറിയ ഡെമ്പ്സി ഘാനയുടെ ഡിഫന്‍ഡര്‍ ജോണ്‍ ബോയെയെ കബളിപ്പിച്ചശേഷം ഗോള്‍കീപ്പര്‍ ലാര്‍സന്‍ ക്വാരസിയെ കാഴ്ചക്കാരനാക്കി ഗോള്‍പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തട്ടിയിടുകയായിരുന്നു. മൂന്ന് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന അമേരിക്കന്‍ താരമെന്ന റെക്കോര്‍ഡും ഈ മുന്നേറ്റനിരക്കാരന് സ്വന്തമാക്കി. 86-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജോണ്‍ ബ്രൂക്ക്സിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഘാനയുടെ കഥ കഴിച്ചു. യോഗ്യതാ മല്‍സരങ്ങളിലെ ടോപ് സ്കോററായ അസമാവോ ഗ്യാനിന് ലക്ഷ്യം കാണാതെപോയതാണ് ഘാനയ്ക്ക് തിരിച്ചടിയായത്.
ഈ വിജയത്തോടെ മൂന്നു പോയിന്റ് നേടിയ അമേരിക്ക ഗ്രൂപ്പ് ജിയില്‍ ജര്‍മ്മനിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: