ക്യൂയൈബ: ഗോളടിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ എതിര് വലയിലെത്തിച്ചാലേ ജയിക്കൂ എന്ന ബാലപാഠം പറന്ന ആഫ്രിക്കന്‍ കരുത്തരായ നൈജീരിയക്ക് ഗ്രൂപ്പ് എഫില്‍ നടന്ന ആദ്യ മത്സരത്തില്‍ സമനില കൊണ്ട് തൃപ്പ്പെടേണ്ടിവന്നു. ഏഷ്യന്‍ മേഖലയില്‍ നിന്ന് യോഗ്യത നേടിയെത്തിയ ഇറാനാണ് നൈജീരിയയെ ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത്. ഈ ലോകകപ്പിലെ ഗോള്‍പിറക്കാത്ത ആദ്യ മത്സരവുമായി ഇത്. 90 മിനിട്ടുനേരവും മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും നല്ലൊരു സ്ട്രൈക്കറുടെ അഭാവം നൈജീരിയന്‍ നിരയില്‍ നിഴലിച്ചുനിന്നു. എന്നാല്‍ ഇറാന് ആശ്വസിക്കാം. ഏഷ്യന്‍ ശക്തികളായ ആസ്ട്രേലിയയും ജപ്പാനുമൊക്കെ ആദ്യ മത്സരത്തില്‍ പരാജപ്പെട്ടെങ്കിലും തങ്ങള്‍ക്ക് സമനിലയെങ്കിലും പിടിക്കാനായല്ലോ എന്ന കാര്യത്തില്‍.
പന്ത് കൂടുതല്‍ നേരം കൈവശം വച്ചതും ഗോളിലേയ്ക്ക് കൂടുതല്‍ തവണ നിറയൊഴിക്കാനായതതുമെല്ലാം ആഫ്രിക്കന്‍ കഴുകന്മാര്ക്കായിരുന്നു. എന്നാല്‍, ഒന്നോ രണ്ടോ തവണമാത്രമാണ് അവര്‍ക്ക് ഗോള്‍ മണത്ത നീക്കങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞത്. ഫിനിഷിന്റെ കാര്യത്തില്‍ സമ്പൂര്‍ണ പരാജയമായിരുന്നു സൂപ്പര്‍ ഈഗിള്‍സ്. ഇറാനാകട്ടെ പ്രതിരോധത്തിന് ഊന്നല്‍ കൊടുത്താണ് കളത്തിലിറങ്ങിയത്.
മൈക്കല്‍, മൂസ, അസീസ്, ഒനാസി എന്നിവര്‍ ചേര്‍ന്ന് നിരവധി മുന്നേറ്റങ്ങള്‍ ഇറാന് ഗോള്‍ ഏരിയയിലേയ്ക്ക് നടത്തി. തന്ത്രശാലിയായ മൈക്കലായിരുന്നു പല നൈജീരിയന്‍ മുന്നേറ്റങ്ങളുടെയും സൂത്രധാരന്‍. എന്നാല്‍, കരുത്തുറ്റ ഇറാനിയന്‍ പ്രതിരോധത്തെ ഭേദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇറാനിയന്‍ ഗോളിയും ഹഗിഗിയും മികച്ച ഫോമിലായിരുന്നു.
ഇടയ്ക്ക് ഇറാനും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ നൈജീരിയയുടെ വിക്ടര്‍ മോസസ് വലംകാലുകൊണ്ട് പായിച്ച ഷോട്ട് ഇറാന് ഗോളി രക്ഷപ്പെടുത്തി. 22-ാം മിനിറ്റിലാണ് ഇറാന്റെ ആദ്യമികച്ച മുന്നേറ്റം ഉണ്ടായത്. 31-ാം മിനിറ്റില്‍ നൈജീരിയയുടെ അഹമ്മദ് മൂസയുടെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള നല്ലൊരു ഹെഡ്ഡര്‍ ഇറാന് ഗോളി കയ്യിലൊതുക്കി. പിന്നീട് 39-ാം മിനിറ്റില്‍ ഒഗ്നേയി ഓനാസിയും തൊട്ടടുത്ത മിനിറ്റില്‍ ഇമ്മാനുവല്‍ എംനിക്കെയും നൈജീരിയക്ക് ലഭിച്ച അവസരങ്ങള്‍ പാഴാക്കി. ഇതിനിടെ 33-ാം മിനിറ്റില്‍ ഇറാന്റെ റേസയുടെ ഹെഡ്ഡര്‍ നൈജീരിയന്‍ ഗോളിയും രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിലും ഇരുടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം നേടാന്‍ കഴിയാതിരുന്നതോടെ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. സമനിലയോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇറാന്റെ അടുത്ത എതിരാളി അര്‍ജന്റീനയാണ്. നൈജീരിയ ബോസ്നിയയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: