“കേരളാ നിയമസഭയിലേക്ക് ബിജെപി അംഗം എന്നു വരും? ബിജെപി എത്തിയാല്‍ നമ്മുടെ സ്ഥിതി എന്താകും?” നിയമസഭയില്‍ ഇന്നലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിച്ച അംഗങ്ങളുടെ എല്ലാം ആശങ്ക അതായിരുന്നു. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ വലിയ മുന്നേറ്റം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വിലയിരുത്തണമെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന ഭരണത്തലവന്മാര്, മന്ത്രിമാര്‍, ആസ്ഥാന ഉദ്യോഗസ്ഥര്‍, നീതിന്യായ നിര്‍വ്വഹണം എന്നീ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനകള്‍ അനുവദിക്കാനുള്ള ചര്‍ച്ചയായിരുന്നെങ്കിലും നിറഞ്ഞു നിന്നത് ബിജെപിയും നരേന്ദ്രമോദിയും. ഇന്ത്യയുടെ അധികാരം നരേന്ദ്രമോദിയിലെത്തിയെങ്കിലും രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സര്‍ക്കാരല്ല കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ് സമാധാനിക്കാനായിരുന്നു ചര്‍ച്ച തുടങ്ങിവച്ച ഇ.പി.ജയരാജന്റെ ശ്രമം. രേഖപ്പെടുത്തിയ ആകെ വോട്ടിന്റെ 31 ശതമാനം മാത്രമാണ് ബിജെപിക്ക് കിട്ടിയതെന്ന് വാദിച്ച ജയരാജന് പക്ഷേ ഇന്ത്യയിലൊട്ടാകെ സ്വന്തം പാര്‍ട്ടിക്ക് കിട്ടിയ വോട്ടിനെകുറിച്ച് വലിയ പിടിയില്ല.
കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ വൈകല്യങ്ങളാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് പരോക്ഷമായെങ്കിലും പറയാന്‍ പക്ഷേ കെ.മുരളീധരന് മടിയുണ്ടായില്ല. ഇന്ധന വിലക്കയറ്റവും ആധാറും ആന്ധ്രാ വിഭജനവുമെല്ലാമാണ് കോണ്‍ഗ്രസ്സിന്റെ പരാജയത്തിന് കാരണമായതെന്ന് പറഞ്ഞ മുരളീധരനാണ് കേരളാനിയമസഭയിലേക്ക് ബിജെപി എത്തുന്ന നിമിഷത്തെ ഓര്‍ത്ത് ഏറെ വേവലാതിപ്പെട്ടത്. ബിജെപിക്ക് 31 ശതമാനം വോട്ട് മാത്രമേ കിട്ടിയുള്ളു എന്ന് പറഞ്ഞ് അണികളെ സമാധാനിപ്പിക്കാം. എന്നാല്‍ കേരളത്തിലടക്കം ബിജെപി നടത്തിയ മുന്നേറ്റം കാണാതിരുന്നുകൂട. രാജ്യമെല്ലാം നമ്മുടേതാണ്; പക്ഷേ, പകലിറങ്ങി നടക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. നമ്മുടെ രണ്ടു കൂട്ടരുടെയും മൈനസ് പോയിന്റുകള്‍ പോസീറ്റീവാക്കി ബിജെപി നേട്ടമുണ്ടാക്കുന്നു.
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡത്തില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതോര്ത്തായിരുന്നു കെ.മുരളീധരന് വലിയ വേവലാതി. “വട്ടിയൂര്ക്കാവിലിപ്പോള് ബിജെപിക്കാര്‍ റോഡിലെ കുഴികള്‍ വരെ നോക്കി നടക്കുകയാണ്. കുഴികളില്‍ വാഴവച്ചും സമരം ചെയ്തും അവര്‍ ജനശ്രദ്ധ നേടുന്നു. ഇത്രയേറെ വികസനം താന്‍ നടപ്പിലാക്കിയിട്ടും ഇതാണവസ്ഥയെങ്കില്‍ ബിജെപിക്കാര്‍ നിയമസഭയില്‍ എത്തിയാല്‍ അവസ്ഥയെന്താകും?” അതേക്കുറിച്ചോര്‍ക്കുമ്പോള്‍ തീരെ ഉറക്കമില്ലെന്ന അവസ്ഥയിലാണ് മുരളീധരന്. അതിനു പരിഹാരമായി അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് കേരളത്തില്‍ ബിജെപിക്കെതിരെ ഇടതുപക്ഷവും യുഡിഎഫും കൈകോര്‍ക്കണമെന്നും.
ഉടുതുണിവരെ നഷ്ടമായപ്പോഴാണ് കോണ്‍ഗ്രസിന് തങ്ങളെയും ഒപ്പം കൂട്ടി ബിജെപിയെ എതിര്‍ക്കണമെന്ന് ബോധമുണ്ടായതെന്നായിരുന്നു സി. ദിവാകരന്റെ അഭിപ്രായം. നാഗ്പൂരിലിരുന്ന് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഭരണത്തിന് അവസരമുണ്ടാക്കിയത് കോണ്‍ഗ്രസ്സാണെന്നും ദിവാകരന് കുറ്റപ്പെടുത്തി. എന്നാല്‍ നരേന്ദ്രമോദിയെ ഇപ്പോഴേ എതിര്‍ക്കേണ്ടതില്ലെന്നാണ് മുസ്ലിം ലീഗിലെ പി.കെ.ബഷീറിന്റെ അഭിപ്രായം. മോദി കുറച്ചു ഭരിക്കട്ടെ, അതിനുശേഷം നോക്കാം.
സിപിഎമ്മിലെ ‘കവിയും സംസ്കാരസമ്പന്നനു’മായ ജി.സുധാകരന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കരടിയാണ്. മോദിയെന്ന കരടിയെ കയറൂരിവിട്ടത് കോണ്‍ഗ്രസാണ്. അതിനെ പിടിച്ചു കെട്ടാന്‍ അവര്‍ക്ക് കെല്പുണ്ടായില്ല. വോട്ടിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങളുണ്ടായാല് ബിജെപിക്ക് 170 സീറ്റുമാത്രമേ കിട്ടൂ എന്നു പറഞ്ഞ സുധാകരന് അത്തരത്തിലായാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്താകമാനം 22 സീറ്റ് കിട്ടുമെന്ന് ആശ്വസിക്കുകയും ചെയ്തു.
നരേന്ദ്രമോദി ഇത്രവലിയ ആളാകാത്ത കാലത്ത് അദ്ദേഹത്തിന്റെ പടം വച്ച ടീ ഷര്‍ട്ട് ഉയര്‍ത്തിക്കാട്ടിയതിന് തന്നെ ഓടിച്ചിട്ട് തല്ലാന്‍ നടന്നവര്‍ ഇപ്പോള്‍ മോദിയെ കാണാന്‍ ക്യൂ നില്‍ക്കുകയാണെന്നായിരുന്നു ചീഫ് വിപ് പി. സി. ജോര്‍ജ്ജിന്റെ അഭിപ്രായം. കെ. എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സഭയിലും ജോര്‍ജ്ജ് ആവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ആയാല്‍ മാണി സാറിനു മുഖ്യമന്ത്രിയാകാം. അതെന്റെ ആഗ്രഹമാണ്. അത് തിയററ്റിക്കലുമാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. അങ്ങനെ ആഗ്രഹിക്കാനുള്ള അവകാശമില്ലെ എന്ന് അടുത്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ജോര്‍ജ്ജ് ചോദിച്ചെങ്കിലും “ആഗ്രഹിക്കാം പക്ഷേ, നടക്കില്ല” എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: