ന്യൂദല്‍ഹി: അഞ്ചംഗ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) നേതാക്കള്‍ ന്യൂദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി, അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ ചരിത്ര വിജയത്തെ അഭിനന്ദിച്ചു.
ഐഡി സിസിപി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാങ്ങ് സുയി, പ്രഥമ സെക്രട്ടറി പെങ്ങ് ബിന്‍, ഏഷ്യന്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ വാങ്ങ് സെങ്ങ്, ഇന്ത്യയിലെ ചൈനാ പൊളിറ്റിക്കല്‍ കൗണ്‍സലര്‍ മാ സുയിസോങ്ങ് എന്നിവരാണ് ചൈനാ സംഘത്തിലുണ്ടായിരുന്നത്.
സിസിപിയും ബിജെപിയും തമ്മിലും ചൈനയും ഇന്ത്യയും തമ്മിലുമുള്ള ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ചയില്‍ ഊന്നല്‍ നല്കിയ ചൈനാ നേതാക്കള്‍ ബിജെപി പ്രതിനിധി സംഘത്തെ ചൈനയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു.
ബിജെപി ജനറല്‍ സെക്രട്ടറിയും പാര്ട്ടിആസ്ഥാനത്തിന്റെ ചുമതലക്കാരനുമായ ജഗത് പ്രകാശ് നദ്ദ (രാജ്യസഭാ എംപി), സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം ലാല്‍, ബിജെപി കണ്‍വീനര്‍ വിജയ് ജോളി എന്നിവരടങ്ങുന്ന സംഘം ചൈനാ നേതാക്കളെ സ്വീകരിച്ചു.
ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ അടുത്ത ബന്ധം ഉണ്ടാക്കുന്നത് സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക തലങ്ങളില്‍ പ്രശ്നപരിഹാരങ്ങള്‍ക്ക് സഹായകമാകുമെന്ന് രാം ലാല്‍ പറഞ്ഞു.
ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കാന്‍ ശക്തമായ ഇന്ത്യാ-ചൈനാ ബന്ധത്തിന് ബിജെപി പ്രതിജ്ഞാ ബദ്ധമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ.പി.നദ്ദ സ്വീകരണ യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: