തിംഫു: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക-ഊര്ജ്ജോല്പ്പാദന രംഗത്തെ ഇരു രാജ്യങ്ങളുടെയും യോജിച്ച പ്രവര്‍ത്തനത്തിനുള്ള ഇന്ത്യന്‍ താല്പര്യം വ്യക്തമാക്കി. ഭാരത് ടു ഭൂട്ടാന് എന്ന ‘ബി ടു ബി’ വികസന മന്ത്രം പ്രഖ്യാപിച്ച മോദി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രസ്താവിച്ചു.
ഇരുരാജ്യങ്ങളിലും സന്തോഷം നിറഞ്ഞുനില്ക്കാനുതകുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംയുക്ത ശ്രമം നടത്തുമെന്നു പറഞ്ഞ മോദി നല്ല അയല്ക്കാരുണ്ടാവുകയെന്നത് പ്രധാനമാണെന്നും പറഞ്ഞു. ഭൂട്ടാന്റെ പ്രശ്നങ്ങള്‍ എല്ലാം ഇന്ത്യക്കറിയാമെന്നും അവ തരണം ചെയ്യാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും മോദി പ്രസ്താവിച്ചു. ഇന്നലെ രാത്രിയില്‍ അദ്ദേഹത്തിനു നല്കിയ രാജകീയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ന് പ്രധാനമന്ത്രി ഭൂട്ടാന് സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി മോദി ഇന്നലെ ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ങ്ചുകിനെയും പ്രധാനമന്ത്രി ഷെറിംഗ് തോഗ്ബെയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച സുപ്രീം കോടതി കെട്ടിട സമുച്ചയം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വികസനപ്രവര്‍ത്തന ബന്ധവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യ ഭൂട്ടാനില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന പഠനസഹായം ഇരട്ടിപ്പിച്ച് രണ്ടു കോടിയാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. രണ്ടു ദശലക്ഷം പുസ്തകങ്ങളും ആനുകാലികങ്ങളും ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കാന്‍ സഹായം നല്‍കും. ഇന്ന് മോദി 600 മെഗാവാട്ട് ഖൊലോങ്ങ്ചു ജലവൈദ്യുതപദ്ധതിക്കു തറക്കല്ലിടും.
ഇന്നലെ രാവിലെ ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രിക്ക് രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്. ഭൂട്ടാന് പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ തിംഫുവിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും നേരേന്ദ്രമോദിയ്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: