തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളും സഹായങ്ങളും കേരളത്തിലേക്ക് ഒഴുകുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലഭിക്കാത്ത ആനുകൂല്യങ്ങള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ കയറി ആഴ്ചകള്‍ കഴിഞ്ഞതോടെ ലഭിച്ചുതുടങ്ങി. അടിയന്തരഘട്ടത്തില്‍ കേരളത്തിന്റെ ഇരുട്ടു മാറ്റാന്‍ ഹരിയാന ജജ്ജാര്‍ നിലയത്തില്‍ നിന്നും 52 മെഗാവാട്ട് വൈദ്യുതി കേന്ദ്രം നല്‍കും.
സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാമത്തിന് കാര്യമായ കുറവു വരുന്നില്ലെങ്കിലും ആശ്വാസമാകുന്ന നടപടിയാണിത്. റിസര്‍വോയറുകള്‍ നിറയുന്നതുവരെ ഹ്രസ്വകാലത്തേക്കാണ് കേന്ദ്രസഹായം. കേന്ദ്രപൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിവിഹിതത്തില്‍ കുറവു വന്നതാണ് നിലവിലെ പവര്‍കട്ടിനു കാരണമായതെന്നു വകുപ്പു മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍, വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളം അമിത പണം നല്കി വാങ്ങുന്ന വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതും ശബരിഗിരി നിലയത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുമാണ് പവര്‍കട്ടിനു കാരണമെന്നതു മറച്ചുവെച്ചു കൊണ്ടാണ് മന്ത്രി കേന്ദ്രത്തെ കുറ്റം ചുമത്തിയത്. മറ്റു സംസ്ഥാനങ്ങള്‍ക്കു സഹായം ലഭ്യമാക്കുന്നതിനു മുമ്പു തന്നെ കേരളത്തിന്റെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാനാണ് കേന്ദ്രം തയ്യാറായിരിക്കുന്നത്.
റെയില്‍വേ വികസനത്തില്‍ കേരളത്തിന്റെ അഭിപ്രായംകൂടി പരിഗണിക്കുമെന്നു റെയില്‍വേ മന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തോടുന്ന സബര്‍ബന്‍ ട്രെയിന്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കോടിക്കുന്നതിന് കേന്ദ്രാനുമതി ഉടന്‍ ലഭ്യമാക്കും. തലസ്ഥാനത്തും കോഴിക്കോടും നടപ്പാക്കാനുദ്ദേശിക്കുന്ന മോണോറെയില്‍ പദ്ധതികളെക്കാള്‍ കൂടുതല്‍ പ്രയോജനകരമാണ് സബര്‍ബന്‍ ട്രെയിനുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു നീട്ടുന്നതെന്നും വിലയിരുത്തിയിട്ടുണ്ട്.
വേനല്‍മഴക്കെടുതി കണക്കിലെടുത്ത് കേരളം സമര്‍പ്പിച്ച നിവേദനം പരിഗണിച്ച് കേന്ദ്രസംഘം പഠനത്തിനെത്തിയിരുന്നു. ഏഴുദിവസത്തിനകം കേന്ദ്ര കൃഷിമന്ത്രാലയത്തിനു സംഘം റിപ്പോര്‍ട്ടു നല്‍കും. ആദ്യം കേരളം ആവശ്യപ്പെട്ടിരുന്നത് 110 കോടിയായിരുന്നു. ഇത് 145 കോടിയായി ഉയര്‍ത്തിയാണ് പഠന സംഘത്തിനു മുന്നില്‍ കേരളം അവതരിപ്പിച്ചത്. മണ്‍സൂണ്‍ മഴ കുറയുന്ന സാഹചര്യത്തില്‍ 500 ജില്ലകള്‍ക്ക് പ്രത്യേക സഹായം നല്കുന്നതിനു കേന്ദ്രം തീരുമാനമെടുത്തിട്ടുണ്ട്. 18,19 തീയതികളില്‍ സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗം ദല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്. മഴക്കുറവു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിനെയും പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ട്.
ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മാതൃകയിലുള്ള ആശുപത്രി കേരളത്തില്‍ സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം ഭൂമി ലഭ്യമാക്കിയാല്‍ എയിംസ് സ്ഥാപിക്കുന്ന നടപടികള്‍ കേന്ദ്രം സജീവമായി പരിഗണിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷ്വര്ധന് വ്യക്തമാക്കിയിരിക്കുന്നത്. ഉന്നതനിലവാരമുള്ള ചികില്‍സയ്ക്കൊപ്പം ആരോഗ്യരംഗത്തെ സമഗ്രപഠനത്തിനും ഗവേഷണത്തിനും വഴിയൊരുക്കുമെന്നതാണ് എയിംസിന്റെ സവിശേഷത. മെഡിസിന്, നഴ്സിങ് മേഖലകളില്‍ മികച്ച നിലവാരമുള്ള പഠനകേന്ദ്രങ്ങളും അത്യാധുനിക സൗകര്യങ്ങളുള്ള ഗവേഷണകേന്ദ്രവും ആശുപത്രിയുടെ ഭാഗമായി സജ്ജീകരിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ഓള് ഇന്ത്യാ മെഡിക്കല്‍ സയന്‍സ്(എയിംസ്)സ്വാഗതം ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. എയിംസ് ലഭിക്കുകയാണെങ്കില്‍ അതിനാവശ്യം വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. മുഖ്യമന്ത്രിയുമായും മന്ത്രിസഭയിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും വി.എസ്. ശിവകുമാര്‍ ‘ജന്മഭൂമി’യോടു പറഞ്ഞു.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: