ന്യൂദല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതില്‍ ദല്‍ഹി സര്‍വകലാശാലയ്ക്ക് അഭിമാനവും ആഹ്ലാദവും. രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന സര്‍വകലാശാലയിലെ ആദ്യ പൂര്വവിദ്യാര്ത്ഥിയാണ് മോദി എന്നതാണ് ഇതിന് കാരണം. “മോദി ഈ പദവിയിലെത്തിയത് അവിശ്വസനീയമാണ്. ഇത്തരമൊരു വിജയഗാഥ മറ്റൊരു സര്‍വകലാശാലക്കും അവകാശപ്പെടാനാവില്ല” എന്നാണ് സര്‍വകലാശാലയുടെ പൂര്‍വവിദ്യാര്‍ത്ഥി വിഭാഗത്തിന്റെ കാര്യങ്ങള്‍ നോക്കുന്ന പ്രൊഫ. ആര്. റൊബെയ്റോ അഭിപ്രായപ്പെടുന്നത്.
കറസ്പോണ്ടന്‍സ് കോഴ്സ് വഴി 1978 ലാണ് ദല്‍ഹി സര്‍വകലാശാലയില്‍നിന്ന് മോദി രാഷ്ട്രതന്ത്രത്തില്‍ ബിരുദമെടുത്തത്. പിന്നീട് ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മോദിയുടെ വിദ്യാര്‍ത്ഥിജീവിതം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍വകലാശാലയുടെ വെബ്സൈറ്റ് എങ്ങനെ പുതുക്കാമെന്ന ആലോചനയിലാണ് അധികൃതര്‍.
മോദി സര്‍ക്കാരില്‍ ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന അരുണ്‍ ജെറ്റ്ലിയും ദല്‍ഹി സര്‍വകലാശാലയിലെ പൂര്വവിദ്യാര്ത്ഥിയാണ്. 1974-75 കാലത്ത് സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റുമായിരുന്നു.
സര്‍വകലാശാലയുടെ കീഴിലുള്ള ദല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ മോദിയുടെ മുന്‍ഗാമിയായ ഡോ. മന്‍മോഹന്‍സിംഗ് അധ്യാപകനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ധനകാര്യമന്ത്രിയായ ഡോ. ഹര്‍ഷവര്‍ധനും 1970-കളുടെ തുടക്കത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു.
ഇവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി പൂര്‍വവിദ്യാര്‍ത്ഥികളെ സംബന്ധിച്ച വെബ്സൈറ്റ് പുതുതായി രൂപകല്‍പ്പന ചെയ്യാനാണ് സര്‍വകലാശാല അധികൃതര്‍ ആലോചിക്കുന്നത്.
സര്‍വകലാശാലയുടെ കണക്കില്‍ 17,000 പൂര്വവിദ്യാര്ത്ഥികളാണുള്ളത്. സിനിമാ സംവിധായിക മീര നയ്യാറും മ്യാന്മര് രാഷ്ട്രീയനേതാവും നൊബേല്‍ പുരസ്കാര ജേതാവുമായ ആങ്ങ് സാന്‍ സൂകിയും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: