ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് തക്ക മറുപടി നല്കാന് ഇന്ത്യന്‍ സൈന്യത്തിന് കരുത്തുണ്ടെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മുകാശ്മീരിലെത്തിയ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തികാക്കാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജം. ഏതു സാഹചര്യത്തെയും നേരിടാന്‍ സൈനികര്‍ക്ക് ശക്തിയുണ്ട്, ജെയ്റ്റ്ലി പറഞ്ഞു. പ്രതിരോധമന്ത്രിയെന്ന നിലയില്‍ ജെയ്റ്റ്ലിയുടെ ആദ്യ ജമ്മുകാശ്മീര്‍ സന്ദര്‍ശനമാണിത്.
കരസേനാ മേധാവി ബിക്രം സിങ്ങിനൊപ്പം ഇന്നലെ ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ജെയ്റ്റ്ലിക്ക് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമൊരുക്കി. അവിടെ നിന്ന് ഹെലിക്കോപ്റ്ററില്‍ ബദാമി ബാഗിലെ സൈനിക ആസ്ഥാനത്തേക്കുപോയി. തുടര്‍ന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഗവര്‍ണര്‍ എന്‍.എന്‍. വോറ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ജെയ്റ്റ്ലിക്ക് ഗവര്‍ണര്‍ അത്താഴവിരുന്നും ഒരുക്കിയിരുന്നു.
ഇന്ന് സൈന്യത്തിലെയും സര്‍ക്കാരിലെയും ഉന്നതരുമായി ചര്‍ച്ചനടത്തുന്ന ജെയ്റ്റ്ലി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തും. അര്‍ധ സൈനികവിഭാഗങ്ങളും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ജെയ്റ്റ്ലിയെ സൈനിക ഉദ്യോഗസ്ഥര്‍ ധരിപ്പിക്കും. ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇപ്പോഴത്തെ നിലയും പരിശോധിക്കും. അമര്‍നാഥ് യാത്ര, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യും.
വെള്ളിയാഴ്ച പുഞ്ചിലെ നാല് മേഖലകളില്‍ പാക് പട്ടാളക്കാര്‍ രൂക്ഷമായി വെടിയുതിര്‍ത്തിരുന്നു. ഏപ്രിലിനും മെയ് മധ്യത്തിനുമിടെ 19 തവണ അവര്‍ പ്രകോപനം സൃഷ്ടിക്കുകയുണ്ടായി. അതിനെല്ലാം ഇന്ത്യ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു. പാക് ഭരണകൂടം സമാധാന ശ്രമങ്ങള്‍ക്ക് സന്നദ്ധരാകുമ്പോഴും അവരുടെ സൈന്യം ഇന്ത്യയെ അലോസരപ്പെടുത്തുന്നത് തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജെയ്റ്റ്ലിയുടെ ദ്വിദിന കാശ്മീര്‍ പര്യടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: