തിരുവനന്തപുരം: സംസ്ഥാനം ക്ലീന്‍ ചെയ്യാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഓപ്പറേഷന് കുബേരയെ വെല്ലുന്ന പദ്ധതിയുമായി വട്ടിപ്പലിശക്കാര്‍ രംഗത്ത്. മീറ്റര്‍പലിശ, വട്ടിപ്പലിശ, കൊള്ളപ്പലിശ എന്നപദങ്ങളൊക്കെ പഴഞ്ചനായതോടെ ഓക്സിജന്‍ എന്ന പുതിയ പദ്ധതിയാണ് പലിശക്കു കൊടുക്കുന്ന വമ്പന്മാര് ഓപ്പറേഷന് കുബേറയ്ക്കെതിരെ പ്രയോഗിക്കുന്നത്. തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ ഓക്സിജന്‍ ഇപ്പോള്‍ പരസ്യമായ രഹസ്യമാണ്. ചെറുകിട കച്ചവടക്കാരാണ് ഓക്സിജന്‍ ആവശ്യപ്പെടുന്നതെന്നു മനസ്സിലാക്കിയാണ് ഇടപെടല്‍. രാവിലെ 700 രൂപ നല്കിയാല് വൈകിട്ടോടെ അത് 1000 രൂപയായി മടക്കി നല്‍കണം. 300 രൂപയാണ് സാധാരണ കച്ചവടക്കാരില്‍ നിന്നും പലിശ ഇനത്തില്‍ ഈടാക്കുന്നത്. 70,000 രൂപയ്ക്ക് വൈകിട്ടോടെ ഒരു ലക്ഷമാണ് തിരികെ വാങ്ങുന്നത്. വിലിയ തുകകള്‍ നല്‍കുന്നത് വലിയ കച്ചവടക്കാര്ക്കാണെന്നു മാത്രം. ചെറുകിട കച്ചവടക്കാര്‍ക്ക് 20,000 രൂപയ്ക്കു താഴെയാണ് നല്‍കുന്നത്.
300 എന്നുള്ളത് ആവശ്യാനുസരണം കൂടുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ചെറുകിട കച്ചവടക്കാര്‍ക്കാണ് പണം നല്‍കുന്നത്. തെക്കന്‍ ജില്ലകളായ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഓക്സിജന്‍ ഇല്ലാതെ കച്ചവടക്കാര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇടത്തരം കച്ചവടക്കാരുടെ പണത്തിന്റെ ആവശ്യം മനസ്സിലാക്കി വന്‍ മുതലാളിമാര്‍ ഇടനിലക്കാരെ വെച്ചാണ് പണം നല്‍കുന്നത്. പ്രധാന മാര്‍ക്കറ്റുകളിലെ പച്ചക്കറി കടകള്‍ തുടങ്ങി മീന്‍ കച്ചവടക്കാര്‍ക്കു വരെ പണം കൊടുത്ത് പലിശ ഈടാക്കും. പണം നല്കുന്നവരെയും പണം എത്തിക്കുന്നവരെയും പോലീസിലോ അധികൃതര്‍ക്കോ കാണിച്ചു കൊടുക്കാന്‍ കച്ചവടക്കാര്‍ തയ്യാറല്ല എന്നതാണ് പ്രത്യേകത. കാരണം, കച്ചവടം നടത്തുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നത് ഇത്തരക്കാര്‍ പെട്ടെന്നു സഹായിക്കാനുള്ളതു കൊണ്ടെന്നാണ് ഇവര്‍ പറയുന്നത്. ദൈനംദിന കച്ചവടങ്ങള്‍ നടക്കുന്നതും ഇത്തരക്കാര്‍ സഹായിക്കുന്നതു കൊണ്ടാണ്. ബാങ്കുകളോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഇടത്തരം കച്ചവടക്കാരെ സഹായിക്കാന്‍ ഇതുവരെ രംഗത്തു വന്നിട്ടില്ല. ഓക്സിജന്‍ എന്ന കൊള്ളപ്പലിശയെ പിടികൂടാന്‍ ഓപ്പറേഷന് കുബേരയ്ക്കാവില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മണിക്കൂറുകള്‍ കൊണ്ട് പലിശ കൂടുന്ന മീറ്ററും, ആയിരങ്ങള്‍ നല്കി ആഴ്ചകളില്‍ പിരിച്ചെടുക്കുന്ന വട്ടിപ്പലിശയും, ലക്ഷങ്ങള്‍ നല്കി പലിശ പിരിക്കുന്ന കൊള്ളപ്പലിശയും പഴങ്കഥയാക്കി ഓക്സിജന്‍ വന്നതോടെ പോലീസും സര്‍ക്കാരും പകച്ചു നില്‍ക്കുകയാണ്.
. ഓപ്പറേഷന് കുബേരയ്ക്കു നേതൃത്വം നല്കുന്നവര് പോലും ഓക്സിജന്റെ പങ്കു പറ്റുന്നവരാണെന്നിരിക്കേ അന്വേഷണങ്ങള്‍ പ്രഹസനമായി മാറുകയാണ് ചെയ്യുന്നത്. കൊല്ലം കേന്ദ്രീകരിച്ചാണ് ഓക്സിജന്‍ ആദ്യം ആരംഭിച്ചത്. കൊല്ലത്തെ മലയോര മേഖലകളില്‍ ഓക്സിജനെ ജനകീയമാക്കുന്ന ഇടനിലക്കാര്‍ സജീവം. രാവിലെ മുതല്‍ മാര്‍ക്കറ്റുകളില്‍ ഇവരെത്തും. ഇവരെ കാത്തു കച്ചവടക്കാരും തയ്യാറാകുന്നതോടെ പുതിയ പലിശക്കച്ചവടം ആരംഭിക്കുന്നു.
പലിശക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ആരംഭിക്കുന്ന ഓരോ പദ്ധതികള്‍ക്കും മറു പദ്ധതികളുമായി എത്തുന്നവരാണ് ഇത്തരക്കാരെന്നു തെളിയിക്കുന്നതാണ് ഓക്സിജന്‍ എന്ന പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്. തലസ്ഥാന ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നിര്‍ബാധം തുടരുന്ന പലിശ പണപ്പിരിവിന് കുറവൊന്നും വന്നിട്ടില്ല. തമിഴ്നാട്ടില്‍ നിന്നെത്തുന്നവരും ഇവിടെത്തന്നെയുള്ള വമ്പന്മാരും നടത്തുന്ന ചിട്ടികളും അതിന്റെ മറവില്‍ നടത്തുന്ന പലിശക്കു കൊടുപ്പും ശക്തമായി തന്നെയുണ്ട്. ഇതിനു കൂട്ടായി രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.
പലിശക്കാരെ പിടികൂടാന്‍ സര്‍ക്കാര്‍ ഓപ്പറേഷന് കുബേര എന്ന പദ്ധതി ആരംഭിച്ചത്. ജൂണ്‍ 11 മുതല്‍ ആരംഭിച്ച ഓപ്പറേഷനിലൂടെ ഇതുവരെ 9723 റെയ്ഡുകളാണ് നടത്തിയത്. ഇതുവഴി 4,18,61,092 രൂപയും, നിരവധി ആധാരങ്ങളും ഒപ്പിട്ടബ്ലാങ്ക് മുദ്രപ്പത്രങ്ങള്‍, ഒപ്പിട്ടബ്ലാങ്ക് ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, ഐഡി കാര്‍ഡുകള്‍, വിഹനങ്ങള് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 1448 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഈ കേസുകളില്‍ 773 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പിടിക്കപ്പെട്ടവരില്‍ വന്‍കിട അധികൃത പണമിടപാടുകാര്‍, പോലീസുദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. ചെറുതും വലുതുമായ നിയമലംഘകരെ കണ്ടെത്തുന്നതിനായി ലോക്കല്‍ പോലീസും ജില്ലാ സ്പെഷല്‍ ബ്രാഞ്ചും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. ബ്ലേഡ് മാഫിയയ്ക്കെതിരെ ഗൂണ്ടാ ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി നാലു കേസുകളുണ്ടായിരുന്ന ഒരു സ്ത്രീക്കെതിരെ നാടുകടത്തല്‍ ശിക്ഷയും നല്‍കിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിയേ പോകുമ്പോള്‍ പലിശക്കാര്‍ പലിശക്കാരുടെ വഴിയേ പോവുകയാണ് ചെയ്യുന്നത്. ഓക്സിജന്‍ ഇല്ലാതെ കച്ചവടക്കാര്‍ക്കു ജീവിക്കാന്‍ വേറെ വഴിയില്ലാത്ത അവസ്ഥയുണ്ടായിരിക്കുകയാണ്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: