അരൂപിയായ മനസ്സ് ദൃഷ്ടിഗോചരമല്ല. എന്നാല്‍ അത് അനുഭവവേദ്യമാകാത്തവര് ആരുമുണ്ടാകില്ല. ഇലക്ട്രിസിറ്റിയുടെ സാന്നിധ്യം പോലെ. മസ്തിഷ്കത്തിലിരുന്ന് നടത്തുന്ന വിക്രിയകള്‍ക്ക് അതിരുകളില്ല. അതിനെ ഗുണാത്മകമാക്കി പ്രയോജനപ്പെടുത്തിയാല്‍ കഴിയാത്തതൊന്നുമില്ല. മനീഷികള്‍ തപസ്സിരുന്നതും മനസ്സിന്റെ വരപ്രസാദ ത്തിനായിരുന്നില്ലോ.
മനസ്സാണ് ഒരുവനെ മനുഷ്യനാക്കുന്നത്. അത് രോഗഗ്രസ്തമായാല്‍ ജീവിതം വിരസമാവുകയും ചെയ്യും. അങ്ങനെ ജീവിതത്തിന്റെ മുഴുവന്‍ ചാരുതയം നഷ്ടമായി മനോരോഗികളായവരും ധാരാളമുണ്ട്. നിത്യവും വൃത്തിയാക്കി വച്ചാല്‍ മനസ്സ് പ്രകാശമാര്ന്ന് നിലകൊള്ളും. പൂര്ണചന്ദ്രന്റെ ഗമയോടെ.
സമൂഹജീവിയായ മനുഷ്യന് ഒട്ടും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കാനായില്ല. ഒരു പ്രശ്നവുമില്ലാതെ ലോകം സങ്കല്‍പ്പത്തില്‍ മാത്രമേ സാധ്യമാകൂ. എങ്കിലും സൂക്ഷിച്ചാല്‍ വലിയ പ്രഹരങ്ങളേല്‍ക്കാതെ പിടിച്ചുനില്‍ക്കാനാകും. രോഗങ്ങളുടെ കാര്യവും തഥൈവ. ചളി ചവിട്ടിയിട്ട് കഴുകിക്കളയുന്നതിലും ഭേദം ചവിട്ടാതിരിക്കുന്നതാണ്.
മനോവിഷമങ്ങള്‍ അനുഭവിക്കാത്ത മനുഷ്യരില്ല. എത്ര മറക്കാന്‍ ശ്രമിച്ചാലും അനാവശ്യ ചിന്തകള്‍ നുഴഞ്ഞു കയറി വന്നെന്നിരിക്കും. ഭൂത-ഭാവി ചിന്തകളാണ് മനുഷ്യന്റെ നിത്യ ശത്രു. അതുകൊണ്ടാണ് വര്‍ത്തമാനകാലത്തു ജീവിക്കാന്‍ മനഃശാസ്ത്രജ്ഞര്‍ ഉപദേശിക്കുന്നത്. അതേ ഇന്നിനെ സന്തോഷപൂര്‍വം സ്വീകരിക്കുക തന്നെ വേണം.
മനസ്സാണ് മനുഷ്യന്റെ ശക്തി കേന്ദ്രം. സംശയമില്ല. അതിനെ പരിപോഷിപ്പിച്ചെടുത്തവരാണ് എവിടെയും വിജയിച്ചിട്ടുള്ളത്. മനസ്സിന്റെ സൗന്ദര്യത്തരികളാണ് ജീവിതത്തിന് വസന്തം സമ്മാനിക്കുന്നതും. എന്നാല്‍ മസ്തിഷ്കത്തിന്റെ ചെറിയൊരംശം മാത്രമേ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് വസ്തുത.
ചിന്തകള്‍ ശക്തവും നന്മയുടെ മേമ്പൊടി ചേര്ത്തതുമായല് പ്രവൃത്തിയിലും അതു നിഴലിച്ചു കാണും. അധാമബോധം വച്ചുപുലര്ത്തിയാല പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്ന് തീര്‍ച്ച. തെളിയമാര്‍ന്ന ചിന്തയോടെ കര്മോത്സുകരാകുന്നവരാണ് അഭിമതര്‍.
മനസ്സിന്റെ സിദ്ധികളെ അന്യരെ ഉപദ്രവിക്കാനായി ഉപയോഗിക്കുന്നവരുമുണ്ട്. ഛിദ്രവാസനകളെ കെട്ടഴിച്ചുവിടുന്ന ഇക്കൂട്ടര്‍ മനോരോഗികളാണ്. മനസ്സിന്റെ അപഥ സഞ്ചാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മഹത്വചനങ്ങള്ക്ക് കാതോര്‍ക്കാത്തവര്‍.
ഒരു സമൂഹത്തില്‍ എല്ലാവരും നല്ലവരാകണമെന്നില്ല. എങ്കിലും സാത്വികരുടെ സാന്നിദ്ധ്യമാണ് സംസ്കൃതിക്കാധാരം. ശുഭാശുഭ ചിന്തകളെല്ലാം മനസ്സിന്റെ സൃഷ്ടികളാണ്. മനസ്സ് ആരോഗ്യകരമായാല്‍ ജീവിതം സുന്ദരമാകും.
ആരോഗ്യകരമായ ചുറ്റുപാടുകളില്‍ ജീവിക്കാന്‍ കഴിയുക എന്നത് മഹാഭാഗ്യമാണ്. മനോഹരമായ അച്ചുകളില്‍ വാര്‍ത്തെടുത്ത ശില്‍പ്പങ്ങളെപ്പോലെ! ചിന്തിക്കാനും അതു പ്രാവര്‍ത്തികമാക്കുവാനുമുള്ള കഴിവ് മനുഷ്യന് മാത്രം സ്വന്തം. എന്നാല്‍ അത് അന്യര്‍ക്കു കൂടി ഗുണപ്രദമാകുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.
മനസ്സിനെ പഠിക്കാനും പാട്ടിലാക്കാനും മനസ്സുകൊണ്ടേ കഴിയൂ. അതിന്റെ ശേഷികളും ബലഹീനതകളും മനസ്സിലാക്കുകയാണാദ്യം വേണ്ടത്. വന്ന മനസ്സിലെ വികൃതമായ ആശയങ്ങള്‍ ഉടച്ച് ഉല്കൃഷ്ടമാക്കാന് മനഃശാസ്ത്ര സങ്കേതങ്ങളിലൂടെ കഴിയും. എന്നാല്‍ യഥാസമയം ഇടപെടലുകള്‍ ലഭ്യമാകാതെ രോഗഗ്രസ്തരായവര്‍ ധാരാളമുണ്ട്. ജീവിതം ഹോമിച്ചവരം കുറവല്ല.
ആവര്‍ത്തിക്കുന്ന ചിന്തകളാണ് മനസ്സിലുറക്കുന്നത്. പുല്ലില്‍ നടപ്പാത ഉണ്ടാകുന്നതുപോലെ. തിരുത്തിക്കുറിക്കുന്നതിനേക്കാള് ഇന്ന് തെറ്റില്ലാതെ നോക്കുന്നതാണ്. അനുകൂലമായ സാഹചര്യങ്ങളും ഉള്ളുണര്‍ത്തുന്ന പ്രോത്സാഹനവുമുണ്ടെങ്കില്‍ ഏതു മനസ്സും ഉണരും. സുന്ദരമാണ് ഈ ജീവിതം എന്ന് വിളംബരം ചെയ്തുകൊണ്ട് ജന്മാന്തരങ്ങളിലേക്ക് മിഴി തുറക്കുമത്.
ഡോ. ശ്രീധര്‍ കൂത്താട്ടുകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: