മനൗസ്: രണ്ട് മുന്‍ ലോകചാമ്പ്യന്മാര് തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് മനൗസിലെ പുതുതായി നിര്‍മ്മിച്ച ആമസോണിയ അരീന സാക്ഷ്യം വഹിക്കും. 1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നാല് തവണ ലോകകിരീടം സ്വന്തമാക്കിയ ഇറ്റലിയുമാണ് മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ഡിയില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30നാണ് ലോക ഫുട്ബോളിലെ ഈ ക്ലാസ്സിക്ക് പോരാട്ടത്തിന് വിസില്‍ മുഴങ്ങുക.
ഇറ്റലിയുടെ പ്രതിരോധവും ഇംഗ്ലണ്ടിന്റെ മുന്നേറ്റനിരയും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിരയുള്ള അസൂറികള്‍ക്ക് വെയ്ന്‍ റൂണിയും ഡാനി വെല്‍ബാക്കും ഡാനിയല്‍ സ്റ്ററിഡ്ജും ഉള്‍പ്പെടുന്ന ഇംഗ്ലീഷ് താരങ്ങളെ എത്രത്തോളം പിടിച്ചുകെട്ടാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ മത്സരത്തിന്റെ ഫലം.
അതേസമയം രണ്ട് പ്രമുഖ താരങ്ങളുടെ അഭാവവും ഇറ്റലിയെ അലട്ടുന്നുണ്ട്. പരിക്കുമൂലം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗിസെപ്പെ റോസിയുടെയും റിക്കാര്‍ഡോ മോണ്ടോലിവോയുടെയും അഭാവം ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിതന്നെയാണ്. എന്നാല്‍ ഹെഡ്ഡറുകള്‍ വഴി എതിര് വല കുലുക്കുന്നതില്‍ ഇറ്റാലിയന്‍ താരങ്ങള്‍ മിടുക്കരാണ്. അതുപോലെ സെറ്റ് പീസുകള്‍ പ്രതിരോധിക്കുന്നതിലും അസൂറികള്‍ അഗ്രഗണ്യരാണ്. എന്നാല്‍ വിംഗുകളില്‍ക്കൂടിയുള്ള എതിര് ടീമിന്റെ ആക്രമണങ്ങള്‍ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കുന്നതില്‍ ഇറ്റലി പലപ്പോഴും പരാജയപ്പെടാറുമുണ്ട്. 109 മത്സരങ്ങളുടെ അനുഭവസമ്പത്തുമായി എത്തുന്ന ആന്ദ്രെ പിര്‍ലോ എന്ന മിഡ്ഫീല്‍ഡ് ജനറലാണ് ഇറ്റാലിയന്‍ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുക. പിര്ലെക്കൊപ്പം ഡാനിയേല ഡി റോസി, ക്ലോഡിയോ മാര്ച്ചീസിയോ, ആല്‍ബര്‍ട്ടോ അക്വിലാനി, തിയാഗോ മോട്ടോ എന്നിവര്‍ അണിനിരക്കുമ്പോള്‍ മധ്യനിര ഭദ്രം.
എന്നാല്‍ മികച്ചൊരു സ്ട്രൈക്കറുടെ അഭാവം അസൂറികളെ തെല്ലൊന്നുമല്ല അലട്ടുന്നത്. വികൃതിപ്പയ്യന് മരിയോ ബലോട്ടെല്ലി ലോകോത്തര സ്ട്രൈക്കറാണെങ്കിലും ഗോളടിക്കുന്നതിനേക്കാള്‍ മറ്റുപല കാര്യങ്ങളിലുമാണ് ശ്രദ്ധ. എന്നാല്‍ ബെലോട്ടെല്ലി ഫോമിലേക്കുയര്‍ന്നാല്‍ ഇംഗ്ലണ്ട് വിയര്‍ക്കുകതന്നെ ചെയ്യും. ഇരുകാലുകള്‍കൊണ്ടും ഹെഡ്ഡറിലൂടെയും ഗോള്‍നേടാന്‍ മിടുക്കനാണ് ബലോട്ടെല്ലി. ബലോട്ടെല്ലിക്കൊപ്പം അന്റോണിയോ കസാനെയായിരിക്കും സ്ട്രൈക്കറായി ഇറങ്ങുക. എന്നാല്‍ പ്രതിരോധത്തില്‍ ഇറ്റലിക്ക് ഭയക്കേണ്ട കാര്യമൊന്നുമില്ല. ആന്ദ്രെ ബര്‍സാഗ്ലി, ലിയനാര്‍ഡോ ബനൂച്ചി, ജോര്‍ജിയോ ചില്ലിനി തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ ഉറപ്പായും ഉണ്ടാവാനാണ് സാധ്യത. ഗോള്‍പോസ്റ്റിന് മുന്നില്‍ ബാലികേറാമലയായി ബഫണ് എന്ന ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറും അണിനിരക്കുന്നതോടെ ഇംഗ്ലണ്ട് വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
മറുവശത്ത് ഇംഗ്ലണ്ടാകട്ടെ 2012ലെ യൂറോപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേറ്റ തോല്വിക്ക്പകരം വീട്ടാനുറച്ചായിരിക്കും ഇന്ന് ഇറങ്ങുന്നത്. സന്തുലിത ടീമുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. മധ്യനിരയിലെ മാന്ത്രികന് സ്റ്റീഫന്‍ ജെറാര്‍ഡാണ് ഇംഗ്ലീഷ് ടീം നായകന്. ജെറാര്‍ഡിനൊപ്പം ഫ്രാങ്ക് ലംപാര്‍ഡ്, റഹിം സ്റ്റര്‍ലിംഗ്, ജോര്‍ദാന്‍ ഹെന്ഡേഴ്സണ് തുടങ്ങിയവര്‍ മധ്യനിരയിലും മുന്‍നിരയില്‍ റൂണിക്കൊപ്പം ഡാനിയേല്‍ സ്റ്ററിഡ്ജും ഇറങ്ങിയാല്‍ ഏത് പ്രതിരോധക്കോട്ടകളും ഇവര്‍ക്ക് മുന്നില്‍ വിറക്കും. ലോംഗ് റേഞ്ച് ഷോട്ടിലൂടെ ഗോള്‍ നേടുന്നതിലും ഇംഗ്ലീഷ് താരങ്ങള്‍ മിടുക്കരാണ്. എന്നാല്‍ ഏറെ നാളായി റൂണിയുടെ ഫോമില്ലായ്മയാണ് ഇംഗ്ലണ്ടിനെ അലട്ടുന്ന കാര്യം. മധ്യ-മുന്നേറ്റ നിരയെ അപേക്ഷിച്ച് പ്രതിരോധം അല്പം ദുര്‍ബലമാണ്. ഗാരി കാഹില്‍, ലെയ്ട്ടണ്‍ ബെയ്ന്‍സ്, ഫില്‍ ജാഗിയേല്‍ക്ക, ഗ്ലെന്‍ ജോണ്സണ് എന്നിവരായിരിക്കും പ്രതിരോധനിരയില്‍ ഇറങ്ങുക. പ്രതിരോധം പൊളിഞ്ഞാലും എതിര് സ്ട്രൈക്കര്‍മാരുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുക്കാന്‍ കഴിവുള്ള ജോ ഹാര്‍ട്ട് എന്ന ഗോളിയുടെ മിടുക്ക് ഇംഗ്ലണ്ടിന് സ്വന്തം.
എന്നാല്‍ സമീപകാലത്തെ പ്രകടനം ഇരുടീമിനും ആശാവഹമല്ല. കഴിഞ്ഞ സെപ്തംബറില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിജയിച്ചശേഷം പിന്നീട് നടന്ന ഏഴ് സൗഹൃദ മത്സരങ്ങില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ അസൂറികള്‍ക്ക് കഴിഞ്ഞില്ല. ആറെണ്ണവും സമനിലയില്‍ കലാശിച്ചപ്പോള്‍ സ്പെയിനിനോട് പരാജയപ്പെടുകയും ചെയ്തു. ലോകകപ്പിന് മുന്നോടിയായി നടന്ന അവസാന രണ്ട് സൗഹൃദ മത്സരങ്ങളും സമനിലയില്‍ കുടുങ്ങിയതിന്റെ സമ്മര്‍ദ്ദമാണ് ഇംഗ്ലണ്ടിനുള്ളത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഉറുഗ്വെ കോസ്റ്ററിക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ഫോര്‍ട്ടാലെസയിലെ കാസ്റ്റലാവോ സ്റ്റേഡിയത്തിലാണ് പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: