തിരുവനന്തപുരം: ഗുണ്ടാമാഫിയകളെ അടിച്ചമര്‍ത്താന്‍ നിയമസഭ പാസാക്കിയ കാപ്പാ നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന പരാതി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ കാപ്പാ നിയമം പ്രയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമം പ്രയോഗിച്ചിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തകരെന്ന പേരില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നവരെ കര്‍ശനമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
നിരന്തരം ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കാഠിന്യം അനുസരിച്ചാണ് പോലീസ് കാപ്പാ നിയമം പ്രയോഗിക്കുന്നത്. വ്യക്തിവിരോധം തീര്‍ക്കാനോ പ്രതിയോഗികളെ അടിച്ചമര്‍ത്താനോ ഈ നിയമത്തിലൂടെ കഴിയില്ല. എന്നാല്‍ സാമൂഹിക ഭീഷണി കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല. നിയമത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരാതി പരിഹരിക്കാനുള്ള വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്. വിവിധ ഘട്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉപദേശക സമതി കാപ്പ നിയമം ചുമത്താന്‍ ശുപാര്‍ശ ചെയ്യുന്നത്. എങ്കിലും ഏതെങ്കിലും തരത്തില്‍ ദുരുപയോഗം നടന്നിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി പരിശോധിക്കും. ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകരെയോ നേതാക്കളെയോ കാപ്പ നിയമത്തില്‍ ഉല്പ്പെടുത്തിയതായി ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇത് വരെ പരാമര്‍ശം നടത്തിയിട്ടില്ല. ഈ നിയമം രാഷ്ട്രീയ ദുരുദ്ദേശപരമായി പ്രയോഗിച്ചിട്ടില്ലെന്നതിന് തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: