ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സമാധാനം ഊട്ടിയുറപ്പിക്കാനുമുള്ള തീവ്രശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്. ജമ്മു കാശ്മീരിലെ പൂഞ്ചില്‍ താര്‍ക്കുണ്ഡെ, കങ്ക ഗലി, സവാല ഗലി, ബാലാക്കോട്ട് എന്നീ മേഖലകളിലാണ് രൂക്ഷമായ വെടിവെയ്പ്പ് ഉണ്ടായത്. പാക് ഷെല്ലുകള്‍ ജനവാസ ഗ്രാമങ്ങളിലും വീണു. ചിലയിടങ്ങളില്‍ വീടുകള്‍ക്ക് കേട് പറ്റിയിട്ടുണ്ട്. കന്നുകാലികള്‍ കൊല്ലപ്പെട്ടു. പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പാക്കിസ്ഥാെന്റ വെടിനിര്‍ത്തല്‍ ലംഘനം.
പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുകള്‍ക്കു പുറമേ മോര്‍ട്ടാറുകളും റോക്കറ്റുകളും പാക് സൈന്യം ഉപയോഗിച്ചു. രാവിലെ എട്ടുമണിയോടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം പൂഞ്ചില്‍ അതിര്‍ത്തിക്കടുത്ത് രണ്ട് കുഴിബോംബ് പൊട്ടി സൈനികന് മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തിരുന്നു.
ഇതോടെ ബന്ധം ദൃഡമായിത്തുടങ്ങിയിരുന്നു. സെക്രട്ടറി തല ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് അതിനുള്ള തീയതികള്‍ നിശ്ചയിക്കാന്‍ കൂടിയാലോചനകള്‍ നടക്കുന്നതിനിടെയാണ് പാക് വെടിവെയ്പ്പ്.
പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു. ഇന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ജമ്മുകാശ്മീര്‍ സന്ദര്ശിക്കാനിരക്കെയാണ് ലംഘനം.
സുരക്ഷ വിലയിരുത്താന്‍ പ്രതിരോധമന്ത്രി ഇതാദ്യമായി എത്തുന്നതിനു തൊട്ടുമുന്‍പാണ് വെടിവെയ്പ്പ്. ഒമര്‍ ട്വിറ്ററില്‍ കുറിച്ചു. പാക് ഷെല്ലുകള്‍ ഗ്രാമങ്ങളിലും പതിച്ചിട്ടുണ്ട്. കന്നുകാലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒമര്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: