കൊച്ചി: വിദ്യാര്‍ത്ഥിനി സഹപാഠികളുടെ നഗ്നചിത്രമെടുത്ത് വാട്സപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. പുത്തന്‍കുരിശ് വരിക്കോലിയിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളാണ് വാട്സപ്പിലൂടെ പ്രചരിപ്പിച്ചതായി പറയുന്നത്. ഹോസ്റ്റലിലെ അമ്പത് വിദ്യാര്‍ത്ഥിനികളുടെ 400ഓളം ചിത്രങ്ങളാണ് തൊടുപുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ മൊബെയിലില്‍ നിന്നും സഹപാഠികള്‍ കണ്ടെടുത്തത്.
സഹപാഠിയുടെ കുറ്റകരമായ പ്രവര്‍ത്തിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന യൂത്ത് കമ്മീഷന് പരാതി നല്കി. മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ നഗ്നചിത്രം അനുവാദമില്ലാതെ എടുത്ത് കാമുകനും മറ്റു സുഹൃത്തുകള്‍ക്കും വാട്സപ്പിലൂടെ അയച്ചുകൊടുത്തത്.
പെണ്‍കുട്ടി മറ്റുള്ളവരുടെ നഗ്നചിത്രമെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സഹപാഠികള്‍ കഴിഞ്ഞമാസം 25ന് മൊബെയില്‍ ഫോണ്‍ സഹിതം പ്രിന്‍സിപ്പലിനു പരാതിനല്‍കി. മൊബെയിലിലെ ചിത്രങ്ങള്‍ നീക്കം ചെയ്ത് ഫോണ്‍ തിരിച്ചുകൊടുത്തതല്ലാതെ വിദ്യാര്‍ത്ഥിനിക്കെതിരെ യാതൊരു നടപടിയും പ്രിന്‍സിപ്പല്‍ കൈക്കൊണ്ടില്ല എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കോളേജ് മാനേജ്മെന്റിന്റെ വളരെ അടുത്തവ്യക്തിയുടെ മകളാണ് വിദ്യാര്‍ത്ഥിനി എന്നതിനാല്‍ പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ പ്രിന്‍സിപ്പലിനു ഭയമാണെന്നും ആരോപണമുണ്ട്. ചിത്രങ്ങള്‍ മൊബെയിലില്‍ നിന്നും നീക്കം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ വീണ്ടും മൊബെയിലില്‍ നഗ്നചിത്രങ്ങള്‍ കണ്ടെത്തിയ സഹപാഠികളായ മൂന്നുപേര്‍ രേഖാമൂലം പ്രിന്‍സിപ്പലിനു പരാതി നല്കി.
എന്നാല്‍ പരാതിക്കാരായ കുട്ടികളെ ഭീഷണിപ്പെടുത്തി അവരെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തതെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സമരം തുടങ്ങുകയും പത്തു ദിവസത്തോളം കോളേജ് പൂട്ടിയിടുകയും ചെയ്തു.
ചൊവ്വാഴ്ച കോളേജ് തുറക്കുകയും പിടിഎ മീറ്റിങ് വിളിച്ചുകൂട്ടുകയും ചെയ്തെങ്കിലും സംഭവം പോലീസില്‍ അറിയിക്കാനോ വിദ്യാര്‍ത്ഥിനിക്കെതിരെ മറ്റു നടപടികള്‍ സ്വീകരിക്കാനോ മാനേജ്മെന്റ് തയ്യാറായിട്ടില്ല.
വിദ്യാര്‍ത്ഥിനി എടുത്ത നഗ്നചിത്രങ്ങള്‍ ഏതൊക്കെ തരത്തിലാണ് പ്രചരിക്കുന്നതെന്ന് അന്വേഷിക്കാനോ അതു തടയുന്നതിനു വേണ്ട നടപടികള്‍ എടുക്കുന്നതിനോ മാനേജ്മെന്റ് തയ്യാറാകാത്തതില്‍ മറ്റു വിദ്യാര്‍ത്ഥിനികള്‍ ആശങ്കാകുലരാണ്. മെഡി. കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളും ഈ പ്രശ്നത്തില്‍ ആശങ്കാകുലരാണ്. വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന യൂത്ത് കമ്മീഷന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: