തിരുവനന്തപുരം: ആര്‍എസ്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പിജെ ചന്ദ്രചൂഡന്റെ വിമര്‍ശനത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മറുപടി. ആര്‍എസ്പി സിപിഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടെന്നും തോറ്റ് നാടുകടന്ന് നേതൃത്വത്തിലിരിക്കുന്ന ആള് അല്ല താനെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണാണോ പെണ്ണോണോയെന്നും പന്ന്യന്‍ ചോദിച്ചു.
തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കാര്യമാക്കുന്നില്ല. എന്നാല്‍ ചന്ദ്രചൂഡന് നടത്തിയ പരാമര്‍ശം മാന്യതയ്ക്കു ചേര്‍ന്നതാണോ എന്ന് ആലോചിക്കണം. ചന്ദ്രചൂഡനെ പോലെ, ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ആള് ഇത്തരത്തില്‍ സംസാരിക്കരുതായിരുന്നു. ആര്‍എസ്പി ഇന്നത്തെ നിലയില്‍ ആയതിന് ഉത്തരവാദി ചന്ദ്രചൂഡനാണ്. വൈദ്യരേ സ്വയം ചികിത്സിക്കൂ എന്ന് മാത്രമാണ് ചന്ദ്രചൂഡനോട് പറയാനുള്ളതെന്നും പന്ന്യന്‍ പറഞ്ഞു.
ഇന്ന് രാവിലെ നടന്ന ആര്‍എസ്പികളുടെ ലയന സമ്മേളനത്തിലാണ് ചന്ദ്രചൂഡന് ഉള്‍പ്പെടെയുളള നേതാക്കള്‍ എല്‍ഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: