തിരുവനന്തപുരം: സിറ്റി പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷന് കുബേര’ യുടെ ഭാഗമായി സ്ത്രീയെ ഗുണ്ടാനിയമപ്രകാരം നാടുകടത്താന്‍ ഉത്തരവ്. തൈക്കാട് കണ്ണേറ്റുമുക്ക് അരുണ്‍ നിവാസില്‍ പങ്കജാക്ഷി മകള്‍ സച്ചു എന്ന സ്ത്രീയെയാണ് ഗുണ്ടാനിയമപ്രകാരം നാടുകടത്താന്‍ സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്.വെങ്കടേഷ് ഉത്തരവിറക്കിയത്. വളരെ നാളുകളായി ബ്ലാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍, പ്രമാണങ്ങള്‍ എന്നിവ ഈടായി വാങ്ങി പലര്‍ക്കും കൊള്ളപലിശയ്ക്ക് പണം കടം കൊടുക്കുകയും തുടര്‍ന്ന് പലിശ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്ന തക്കം നോക്കി കടക്കാരുടെ വസ്തുവകകള്‍ കൈയേറാന്‍ ശ്രമിക്കുകയും ചെയ്തുവന്നിരുന്ന സച്ചുവിനെതിരെ കേരള മണിലെന്‍ഡേഴ്സ് നിയമപ്രകാരം നാലുകേസുകള്‍ നിലവിലുണ്ട്. അടുത്തിടെ ഇവര്‍ ഗുണ്ടകളെ ഉപയോഗിച്ച് കടക്കാരെ ഭീഷണിപ്പെടുത്തുന്നു എന്നും മറ്റുമുള്ള പരാതികള്‍ വ്യാപകമായി. പലിശ മാഫിയാ സംഘത്തില്‍പ്പെട്ടവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് സച്ചുവിനെതിരെ പരാതിയുമായി പലരും രംഗതതുവരാന് ധൈര്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് ഇവരെ ഗുണ്ടാ നിയമപ്രകാരം നാടുകടത്തുന്നതിലേക്കായി സിറ്റി ക്രമസമാധാനപാലന വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അജിതാ ബേഗം സിറ്റി പോലീസ് കമ്മിഷണറോട് ശുപാര്‍ശ ചെയ്തതും നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചതും. ഉത്തരവ് കൈപ്പറ്റുന്ന തീയതിമുതല്‍ ഒരുവര്‍ഷക്കാലത്തേക്ക് സച്ചുവിന് സിറ്റി പോലീസ് ജില്ലയുടെ പരിധിയിലുള്ള ഒരു പ്രദേശത്തും മുന്‍കൂര്‍ അനുമതിയില്ലാതെ കടക്കുവാന്‍ പറ്റില്ല. ഉത്തരവ് ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ നല്കുവാന് ഗുണ്ടാ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സച്ചുവിനെതിരെയുള്ള നാടുകടത്തില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുവാന്‍ ഡിസിപി അജീതാബേഗത്തെ കമ്മിഷണര്‍ ചുമതലപ്പെടുത്തി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഗുണ്ടാനിയമപ്രകാരം കൊള്ളപ്പലിശ സംഘത്തില്‍പ്പെട്ട ഒരാളെ നാടുകടത്തില്‍ നടപടിക്ക് വിധേയമാക്കുന്നത്. ഇതിനുമുന്‍പ് 2013 ഡിസംബറില്‍ കൊള്ളപ്പലിശ സംഘത്തില്‍പ്പെട്ട അമ്പലമുക്ക് സ്വദേശി അമ്പു എന്നുവിളിക്കുന്ന സുരേഷിനെ ഗുണ്ടാനിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തശേഷം 6 മാസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ ‘ഓപ്പറേഷന് കുബേര’യുടെ ഭാഗമായി നിരവധി പേര് ഗുണ്ടാനിയമത്തിന്റെ പിടിയില്‍ അകപ്പെടുവാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: