മാവേലിക്കര: വിരലുകളില്‍ നാദവിസ്മയം തീര്‍ത്ത് ആരാധകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന മൃദംഗവിദ്വാന്‍ മാവേലിക്കര എസ്.ആര്.രാജു (79) ഓര്‍മയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 10.45നായിരുന്നു അന്ത്യം.
മൃദംഗ വിദ്വാനായിരുന്ന ഉമ്പര്‍നാട് മലയില്‍ കിഴക്കേതില്‍ എം.എന്‍. രാഘവന്‍പിള്ളയുടെയും കെ.പാറുക്കുട്ടിയമ്മയുടെയും മകനാണ്.അച്ഛെന്റ പാത പിന്തുടര്ന്നാണ് എസ്.ആര്. രാജു മൃദംഗവായന ആരംഭിച്ചത്. മൃദംഗ വിദ്വാന് മാവേലിക്കര കൃഷ്ണന്‍കുട്ടിനായരുടെ കീഴിലായിരുന്നു തുടര്‍ പരിശീലനം. വൈക്കം രാജരാജേശ്വരി ക്ഷേത്രത്തില്‍ 15-ാം വയസില്‍ അരങ്ങേറ്റം കുറിച്ചു.
1963ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ മൃദംഗം ആര്‍ട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 30 വര്‍ഷത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. നിലവില്‍ ആകാശവാണിയില്‍ എഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.
കര്‍ണാടക സംഗീതത്തിലെ പ്രശസ്തരായ ജി.എന്‍.ബാലസുബ്രഹ്മണ്യം, മധുരമണി അയ്യര്‍, റ്റി.കെ. രങ്കാചാരി, മധുര സോമസുന്ദരം, മഹാരാജപുരം സന്താനം, ഡോ.ബാലമുരളീകൃഷ്ണ, ഡോ.കെ.ജെ. യേശുദാസ് തുടങ്ങിയവര്‍ക്കൊപ്പം രാജു മൃദംഗം വായിച്ചിട്ടുണ്ട്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലും നവരാത്രി സംഗീതോത്സവത്തിനും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ആസ്ഥാന വിദ്വാന് പദവി, ബിസ്ബര്ഗ് യൂണിവേഴ്സിറ്റിയുടെ മെരിറ്റ് സര്‍ട്ടിഫിക്കേറ്റ്, 1985ല്‍ സംഗീത നാടക അക്കാദമിയുടെ മൃദംഗ പുരസ്ക്കാരം, സ്വാതി തിരുനാള്‍ സംഗീതസഭയുടെ ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മൃദംഗനാദ ചൂഡാമണി, 1999ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്ക്കാരത്തിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.
മാവേലിക്കര ശ്രീകൃഷ്ണഗാനസഭയുടെ മുഖ്യരക്ഷാധികാരിയായിരുന്ന എസ്.ആര്. രാജുവിന്റെ വിയോഗം മാവേലിക്കരയിലെ കലാപ്രേമികള്‍ക്ക് തീരാനഷ്ടമാണ്. പത്മശ്രീ പുരസ്ക്കാര ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവസാനസമയം തഴയപ്പെടുകയായിരുന്നു.
മക്കള്‍: ഹരികൃഷ്ണന്, പരേതയായ ലക്ഷ്മി രാജു. സംസ്ക്കാരം തിരുവനന്തപുരത്ത് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: