അങ്കമാലി: മുന്‍ ധാരണ പ്രകാരം ചെയര്‍മാന്‍സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാതിരുന്ന അങ്കമാലി കോണ്‍ഗ്രസ് നഗരസഭാ ചെയര്മാന് സി.കെ. വര്‍ഗീസിനെ കോണ്ഗ്രസ്പാര്ട്ടിയില്നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസിന്റേതാണ് നടപടി. കോണ്‍ഗ്രസ് ഗ്രൂപ്പ്പോര് മൂലം ഭരണവൈകല്യം പ്രകടമായ ജില്ലയിലെ പ്രധാന നഗരസഭയാണ് അങ്കമാലി. ‘എ’ വിഭാഗത്തില്‍നിന്നാണ് വര്‍ഗീസിനെ ചെയര്‍മാന്‍സ്ഥാനത്തേക്ക് പരിഗണിച്ചത്. ‘ഐ’ വിഭാഗത്തിലെ മേരി വര്‍ഗീസിനെ വൈസ് ചെയര്‍പേഴ്സണായും തെരഞ്ഞെടുത്തു. ഭരണതുടക്കത്തില്തന്നെ രണ്ടര വര്‍ഷത്തിനുശേഷം ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് വാക്കാല്‍ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അത്തരമൊരു നിര്ദ്ദേശമുണ്ടായിട്ടില്ലെന്നും ചെയര്‍മാന്‍സ്ഥാനം ഒഴിയേണ്ടതില്ലെന്നുമുള്ള നിലപാടില്‍ ‘എ’ വിഭാഗം നേതൃത്വത്തിന്റെ പിന്തുണയോടെ വര്‍ഗീസ് ഉറച്ചുനിന്നു. അതോടെ വര്‍ഗീസിനോട് എതിരുള്ള വിമത കൗണ്‍സിലര്‍മാരും ‘ഐ’ വിഭാഗവും ഇടതുമുന്നണി കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ചെയര്‍മാനും വൈസ്ചെയര്പേഴ്സണുമെതിരെ അവിശ്വാസം കൊണ്ടുവരികയും ഇരുവരും പുറത്താവുകയും ചെയ്തു. നഗരഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെടാതിരിക്കാന്‍ സി.കെ. വര്‍ഗീസിനെയും മേരി വര്‍ഗീസിനെയും വീണ്ടും യഥാക്രമം ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ അവരോധിക്കാനും 2013 ഡിസംബര്‍ 31 വരെ സ്ഥാനം തുടരാനും ധാരണയുണ്ടാക്കി. 2014 ജനുവരി ഒന്നിന് ഇരുവരും സ്ഥാനം ഒഴിയണമെന്നായിരുന്നു നിര്‍ദ്ദേശം. ഡിസിസി പ്രസിഡന്റ് പലതവണ ചെയര്‍മാന്‍സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വര്‍ഗീസിന് കത്ത് നല്‍കിയെങ്കിലും അത് അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്കി അവിശ്വാസത്തിലൂടെ വര്‍ഗീസിനെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് നീക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: