തിരുവനന്തപുരം: നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ സമരവേദി നിയമസഭയാകും. സഭയ്ക്കുള്ളിലും പുറത്തും സമരകേന്ദ്രമായി മാറും. നാളെ ആരംഭിക്കുന്ന സമ്മേളനം ജൂലായ് 17വരെ, 28 ദിവസങ്ങളിലാണ് ചേരുക. ഇടതുമുന്നണി വിട്ട ആര്‍എസ്പി കൂടി യുഡിഎഫിലേക്ക് വന്നതോടെ സുരക്ഷിതമായ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാ സമ്മേളനം ചേരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയതിന്റെ ആഹ്ലാദവുമായാണ് ഭരണപക്ഷം സമ്മേളനത്തിനെത്തുന്നത്. എന്നാല്‍ പിബി അംഗം എം.എ.ബേബി ഉള്‍പ്പടെ തോല്‍ക്കുകയും അത് പാര്‍ട്ടിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തെ സമീപിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ സീറ്റ് നേടിയെങ്കിലും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയും ഭരണം നഷ്ടമാകുകയും ചെയ്ത സാഹചര്യം ഭരണപക്ഷത്തെ ക്ഷീണത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ഇടതുപക്ഷത്തിനും വലിയ ക്ഷീണമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായത്. ഇരു പക്ഷവും ക്ഷീണം മറച്ചുവച്ച് കൂടുതല്‍ സജീവമായി സഭാസമ്മേളനത്തില്‍ പങ്കാളികളാകും.
വിവിധ വിഷയളള് ഉന്നയിച്ച് ഭരണ പക്ഷത്തിനെതിരെ സഭയ്ക്കു ള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കണ്ണൂര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടിക്കെതിരായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതയുടെ മൊഴിയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെതിരായ പുതിയ കേസുകളും പ്രതിപക്ഷം ആയുധമാക്കും. ഇതു കൂടാതെ പുതിയ വിഷയങ്ങള്‍ സഭാ സമ്മേളനക്കാലത്ത് ഭരണപക്ഷത്തിനെതിരെ വീണുകിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. കേന്ദ്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രചാരണം കേന്ദ്ര വിരുദ്ധ നിലപാടിന് സഭയില്‍ ഇരുകക്ഷികളെയും പ്രേരിപ്പിക്കും.
തെരഞ്ഞടുപ്പ് പരാജയത്തിന്റെ പേരില്‍ ഇരുപക്ഷവും നിയമസഭയില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കും. ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയത് ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ ഇടതുമുന്നണി കുത്തിനോവിക്കുമ്പോള്‍ അതേനാണയത്തില്‍ തന്നെ തിരിച്ചടിക്കാനാകും ഭരണക്കാരും ശ്രമിക്കുന്നത്. ഇപ്പോള്‍ വിവാദമായ മനുഷ്യക്കടത്തും സഭയില്‍ പ്രതിഫലിക്കുമെങ്കിലും മുസ്ലീംലീഗിനെതിരായ നിലപാട് ഇരു ഭാഗത്തും ഉണ്ടാകില്ല.
ആദ്യദിവസമായ നാളെ മുല്ലപ്പെരിയാറിന്റെ പേരില്‍ ഉണ്ടായ സുപ്രീംകോടതിവിധിയുടെ സാഹചര്യവും തുടര്‍നടപടികളുമാണ് നിയമസഭ ചര്‍ച്ച ചെയ്യുന്നത്. എല്ലാവരും ചര്‍ച്ച ചെയ്ത് പ്രമേയം പാസ്സാക്കുമെന്നല്ലാതെ വലിയ പ്രയോജനമൊന്നും അതുകൊണ്ടുണ്ടാകില്ലെന്ന് ഇരുകൂട്ടര്‍ക്കുമറിയാം. സുപ്രീംകോടതി വ്യക്തമായ വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭയ്ക്ക് ഇനിയതിലൊന്നും ചെയ്യാനാകില്ലെന്ന് എല്ലാവര്ക്കും അറിയാം. മുല്ലപ്പെരിയാര്‍ കേസില്‍ മെയ് ഏഴിന് സുപ്രിംകോടതില്നിന്നുണ്ടായ വിധിയെത്തുടര്‍ന്നുള്ള സ്ഥിതിവിശേഷം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്നായിരിക്കും പാര്‍ട്ടി തിരിച്ചുള്ള ചര്‍ച്ച നടക്കുക. ബജറ്റിന്റെ വകുപ്പുതിരിച്ചുള്ള ചര്‍ച്ചയാണ് ഈ സഭാ സമ്മേളനത്തിന്റെ പ്രധാന വിഷയം. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ് നീക്കിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: